ഫ്ളോട്ടിങ് സംവരണ നിരോധനം: പിന്നാക്ക വിഭാഗത്തിന്റെ വിദ്യാഭ്യാസ അവകാശം ഇടതു സര്‍ക്കാര്‍ അട്ടിമറിക്കുന്നു: എസ് ഡി പി ഐ

Update: 2024-03-09 15:43 GMT

തിരുവനന്തപുരം: ഫ്ളോട്ടിങ് സംവരണം നിര്‍ത്തലാക്കുന്നത് പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ അവകാശം അട്ടിമറിച്ച് അവരുടെ പ്രാതിനിധ്യം ഇല്ലാതാക്കാനുള്ള ഇടതു സര്‍ക്കാരിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രവര്‍ത്തക സമിതി. ഈ നീക്കത്തിലൂടെ സംവരണീയ വിഭാഗങ്ങളുടെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ അവസരങ്ങള്‍ ഗണ്യമായി നഷ്ടപ്പെടും. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ഫ്‌ളോട്ടിങ് സംവരണത്തിലൂടെ 174 സീറ്റുകളാണ് ലഭിച്ചത്.

വിദ്യാഭ്യാസ- തൊഴില്‍ രംഗത്ത് അര്‍ഹമായ പ്രാതിനിധ്യം പോലും ലഭിക്കാത്ത പിന്നാക്ക വിഭാഗങ്ങളെ വീണ്ടും പിന്നിലേക്ക് തള്ളുന്നതാണ് പുതിയ നടപടി. മെറിറ്റിലും സംവരണത്തിലും സീറ്റിന് അര്‍ഹതയുള്ളവന് മെച്ചപ്പെട്ട കോളജിലേക്ക് പോകുവാനും അതുവഴി ആ സമുദായത്തിന് ഉണ്ടായേക്കാവുന്ന സംവരണ സീറ്റ് നഷ്ടം ഒഴിവാക്കുവാനുമാണ് ഫ്‌ളോട്ടിങ് സംവരണം എന്ന ആശയം നടപ്പാക്കിയത്. ഭരണഘടനാനുസൃമായി പിന്നാക്ക വിഭാഗത്തിന് അനുവദിച്ച് കിട്ടിയ ഒരു അനുകൂല്യം ആവശ്യമായ പഠനമോ ചര്‍ച്ചകളോ നടത്താതെ പിന്‍വലിക്കുവാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമം നടത്തുന്നത് ഇത് രണ്ടാം തവണയാണ്. 2019 ല്‍ നടപ്പാക്കാന്‍ സാധിക്കാതിരുന്നത് സൂത്രത്തില്‍ നടപ്പാക്കുവാനാണ് വീണ്ടും സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളീയ പൊതു സമൂഹത്തെ പ്രതിനിധീകരിക്കുന്ന സര്‍ക്കാരല്ല, മുന്നാക്ക വിഭാഗങ്ങളെ മാത്രം പ്രതിനിധീകരിക്കുന്ന സര്‍ക്കാരാണിതെന്ന സാക്ഷ്യപ്പെടുത്തല്‍ കൂടിയാണ്.

പുതിയ സാഹചര്യത്തില്‍ വിദ്യാര്‍ഥിയുടെ മെറിറ്റ് സീറ്റ് ഉപേക്ഷിച്ചുവേണം സംവരണ സീറ്റിലേക്കു മാറാന്‍. തന്മൂലം ആ സമുദായത്തില്‍പ്പെട്ട ഒരു വിദ്യാര്‍ഥിക്കു കൂടി അഡ്മിഷന്‍ കിട്ടാനുള്ള അവസരം നഷ്ടമാകും. മുന്നാക്ക സംവരണം നടപ്പാക്കിയതിലൂടെ സംവരണ വിഭാഗങ്ങളുടെ അവസരം നഷ്ടപ്പെടുത്തിയ, സര്‍ക്കാര്‍ ഈ നീക്കത്തിലൂടെയും അവരെ പിന്‍തള്ളാനാണ് ശ്രമിക്കുന്നത്. ഭരണഘടനാ വിരുദ്ധ സാമ്പത്തിക സംവരണം നടപ്പാക്കിയവര്‍ സാമൂഹിക സംവരണ വിഷയത്തില്‍ കാണിക്കുന്ന അട്ടിമറി വംശീയതയും വിവേചന ന്യമാണ്. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സവര്‍ണ വിഭാഗങ്ങളെ പ്രീണിപ്പിക്കാനുള്ള ഗൂഢതന്ത്രമാക്കാതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഫ്‌ളോട്ടിങ് സംവരണം റദ്ദാക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്, ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, അജ്മല്‍ ഇസ്മാഈല്‍, പി പി റഫീഖ്, സംസ്ഥാന സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, പി ആര്‍ സിയാദ്, ജോണ്‍സണ്‍ കണ്ടച്ചിറ , കൃഷ്ണന്‍ എരഞ്ഞിക്കല്‍, ട്രഷറര്‍ അഡ്വ. എ കെ സലാഹുദ്ദീന്‍, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗങ്ങള്‍ സംസാരിച്ചു.






Tags: