ജാമ്യവ്യവസ്ഥ ലംഘിച്ചു; സ്ഥിരം കുറ്റവാളി കാര സതീഷ് അറസ്റ്റില്‍

കാലടി മണപ്പുറത്ത് സിനിമാ സെറ്റ് തകര്‍ത്ത കേസില്‍ അടക്കം കൊലപാതകം, കൊലപാതക ശ്രമം, ദേഹോപദ്രവം, അനധികൃതമായി സ്‌ഫോടക വസ്തു കൈവശം വയ്ക്കല്‍, മതസ്പര്‍ദ്ദ വളര്‍ത്തല്‍ തുടങ്ങി ഇരുപതോളം കേസില്‍ ഇയാള്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു

Update: 2021-05-27 08:50 GMT

കൊച്ചി: ജാമ്യ വ്യവസ്ഥ ലംഘിച്ച സ്ഥിരം കുറ്റവാളിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. മലയാറ്റൂര്‍ കാടപ്പാറ ചെത്തിക്കാട്ട് വീട്ടില്‍ രതീഷ് (കാര രതീഷ് -37 ) നെയാണ് ജില്ലാ പേലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കൊലപാതകം, കൊലപാതക ശ്രമം, ദേഹോപദ്രവം, അനധികൃതമായി സ്‌ഫോടക വസ്തു കൈവശം വയ്ക്കല്‍, മതസ്പര്‍ദ്ദ വളര്‍ത്തല്‍ തുടങ്ങി ഇരുപതോളം കേസില്‍ ഇയാള്‍ പ്രതിയാണ്.

2014 ല്‍ അങ്കമാലി സ്റ്റേഷന്‍ പരിധിയില്‍ നരഹത്യാശ്രമ കേസില്‍ നോര്‍ത്ത് പറവൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി രതീഷിനെ പത്ത് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ഇനിയൊരു ക്രിമിനല്‍ കേസിലും ഉള്‍പ്പെടരുത് തുടങ്ങിയ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ജാമ്യം അനുവദിച്ചു. ഇതു ലംഘിച്ച് ഇയാള്‍ കാലടി മണപ്പുറത്ത് സിനിമാ സെറ്റ് തകര്‍ത്ത കേസില്‍ പ്രതിയാവുകയായിരുന്നു.

ഈ സാഹചര്യത്തിലാണ് പോലീസ് ഹൈക്കോടതിയില്‍ ജാമ്യം റദ്ദ് ചെയ്യാനുള്ള റിപ്പോര്‍ട്ട് സമര്‍പിച്ചത്. തുടര്‍ന്ന് കോടതി ജാമ്യം റദ്ദ് ചെയ്തു. ഇതറിഞ്ഞ രതീഷ് ഒളിവില്‍ പോയി. തുടര്‍ന്ന് എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. രതീഷിനെ മൂന്ന് പ്രാവശ്യം കാപ്പ ചുമത്തി ജയിലിലടച്ചിട്ടുണ്ട്. എറണാകുളം, കൊല്ലം , തൃശൂര്‍, മലപ്പുറം ജില്ലകളിലെ വിവിധ പോലിസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ടെന്നും പോലിസ് പറഞ്ഞു.

Tags:    

Similar News