ബാബരി മസ്ജിദ് തകര്‍ത്ത കേസ്: കോടതി വിധി നിര്‍ഭാഗ്യകരം; അപ്പീല്‍ പോവണമെന്ന് മുസ്‌ലിം ലീഗ്

ബാബരി മസ്ജിദ് തകര്‍ത്തത് നിയമവിരുദ്ധമായ പ്രവര്‍ത്തനമാണ് എന്നത് വളരെ കൃത്യമായി സുപ്രിംകോടതി തന്നെ പറഞ്ഞതാണെന്ന് കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

Update: 2020-09-30 08:57 GMT

കോഴിക്കോട്: ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ സിബിഐ പ്രത്യേക കോടതിയുടെ വിധി നിര്‍ഭാഗ്യകരമാണെന്ന് മുസ്‌ലിം ലീഗ് നേതാക്കളായ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപിയും അഭിപ്രായപ്പെട്ടു. നിയമവിരുദ്ധമായും അക്രമമാര്‍ഗത്തിലൂടെയും ബാബരി മസ്ജിദ് തകര്‍ത്തവര്‍ക്ക് ശിക്ഷയില്ലാതെ പോയി എന്നത് വളരെ നിര്‍ഭാഗ്യകരം തന്നെയാണെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ കുറ്റപ്പെടുത്തി. അന്വേഷണ ഏജന്‍സി ഇക്കാര്യത്തില്‍ ഉടന്‍തന്നെ അപ്പീല്‍ പോവേണ്ടതാണ്.

എല്ലാവരും സമാധാനം നിലനിര്‍ത്തുകയും മതസൗഹാര്‍ദം കാത്തുസൂക്ഷിക്കുകയും ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാബരി മസ്ജിദ് തകര്‍ത്തത് നിയമവിരുദ്ധമായ പ്രവര്‍ത്തനമാണ് എന്നത് വളരെ കൃത്യമായി സുപ്രിംകോടതി തന്നെ പറഞ്ഞതാണെന്ന് കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. അന്വേഷണ ഏജന്‍സി കുറ്റക്കാര്‍ ആരെല്ലാമാണെന്ന് കണ്ടെത്തിയതാണ്. എന്നിട്ടും എല്ലാവരെയും വെറുതെ വിടുന്ന വിധി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

അല്ലെങ്കില്‍തന്നെ 28 വര്‍ഷമായി. നീതി അങ്ങേയറ്റം വൈകിയതുതന്നെ നീതിഷേധിക്കുന്നതിന് തുല്യമാണ്. അവസാനം വിധി വന്നപ്പോള്‍ എല്ലാവരെയും വെറുതെവിട്ടു. ബാബരി മസ്ജിദ് തകര്‍ത്തിട്ടേയില്ലെന്ന് പറഞ്ഞതിനും പള്ളി അവിടെയുണ്ടെന്ന് പറഞ്ഞതിനും തുല്യമായിപ്പോയി കോടതി വിധി. പള്ളി അക്രമമാര്‍ഗത്തിലൂടെ തകര്‍ത്തതാണ്. അവിടെ പ്രതികളുടെ മുഴുവന്‍ സാന്നിധ്യമുണ്ടായിരുന്നു. അവരാരുംതന്നെ ഇത് തടയാന്‍ ശ്രമിച്ചിട്ടുമില്ല. അത് ലോകം കണ്ടതാണ്. കോടതി വിധിയെപ്പറ്റി കൂടുതലൊന്നും പറയുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

Tags: