ബാബരി മസ്ജിദ്: കോടതി വിധി അനീതിയും ഭരണഘടനാ ധാര്‍മികതയ്ക്ക് വിരുദ്ധവും- ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം

ബാബരി മസ്ജിദ് തകര്‍ത്തത് അക്രമമായിരുന്നുവെന്നും അവിടെ ക്ഷേത്രമുണ്ടായിരുന്നുവെന്നതിന് മതിയായ തെളിവില്ലെന്നും നിരീക്ഷിച്ച അതേ കോടതി തന്നെ ഭൂമി ക്ഷേത്രനിര്‍മാണത്തിനായി വിട്ടുനല്‍കണമെന്ന് പറഞ്ഞത് അനീതിയാണ്.

Update: 2019-11-10 13:28 GMT

കോഴിക്കോട്: ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധി തീര്‍ത്തും ഹിന്ദുത്വഫാഷിസത്തെ തൃപ്തിപ്പെടുത്തുന്നതും ഭരണഘടനാ ധാര്‍മികതയ്ക്ക് വിരുദ്ധവും അനീതിയുമാണെന്ന് ജനകീയ മനുഷ്യാവകാശപ്രസ്ഥാനം അഭിപ്രായപ്പെട്ടു. ഇതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. എതിര്‍പ്പുകളെ പൂര്‍ണമായും പോലിസ് നടപടിയിലൂടെ തടഞ്ഞ് അടിയന്തരാവസ്ഥയ്ക്ക് സമാനമായ ഒരന്തരീക്ഷമൊരുക്കി വിധി പ്രഖ്യാപിച്ചത് സാഹചര്യത്തെ ഒന്നുകൂടി ഭീതിതമാക്കിയിരിക്കുന്നു. ജനാധിപത്യ, പുരോഗമന ശക്തികള്‍ മാത്രമല്ല, മുന്‍ സുപ്രിംകോടതി കോടതി ജഡ്ജിമാര്‍ മുതല്‍ റൊമീലാ ഥാപ്പര്‍ അടക്കമുള്ള ചരിത്രകാരന്‍മാര്‍വരെ സുപ്രിംകോടതി വിധിയെ ചോദ്യംചെയ്യുകയും ഭരണഘടനാവകാശങ്ങള്‍ക്ക് വിരുദ്ധവും നീതിക്ക് നിരക്കാത്തതുമാണെന്ന് തുറന്ന് അവതരിപ്പിച്ചുകഴിഞ്ഞു.

ബാബരി മസ്ജിദിന് വേണ്ടിയുള്ള പോരാട്ടം കേവലം 2.7 ഏക്കറോ അഞ്ചേക്കറോ ഭൂമിക്ക് വേണ്ടിയുള്ളതല്ല. അത് നീതിക്കുവേണ്ടിയുള്ളതായിരുന്നുവെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന പ്രസിഡന്റ് അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി, സംസ്ഥാന സെക്രട്ടറി സി പി റഷീദ് എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. ബാബരി മസ്ജിദ് തകര്‍ത്തത് അക്രമമായിരുന്നുവെന്നും അവിടെ ക്ഷേത്രമുണ്ടായിരുന്നുവെന്നതിന് മതിയായ തെളിവില്ലെന്നും നിരീക്ഷിച്ച അതേ കോടതി തന്നെ ഭൂമി ക്ഷേത്രനിര്‍മാണത്തിനായി വിട്ടുനല്‍കണമെന്ന് പറഞ്ഞത് അനീതിയാണ്.

മസ്ജിദ് തകര്‍ത്തതിന്റെ പരിഹാരം പകരം ഭൂമി നല്‍കലല്ല. മറിച്ച്, അത് തകര്‍ത്തവരെ കുറ്റവാളികളായി കണ്ട് നിയമനടപടികളെടുക്കുകയും മസ്ജിദ് പുനര്‍നിര്‍മിച്ച് നീതി ഉറപ്പുവരുത്തുകയാണ് വേണ്ടത്. 1992 ല്‍ സംഘപരിവാര്‍ ഒറ്റയ്ക്കാണ് ബാബരി മസ്ജിദ് പൊളിക്കുന്നത്. 2019 ല്‍ അമ്പലം നിര്‍മിക്കുന്നത് ഭരണഘടനയുടെ പിന്‍ബലത്തോടെ സുപ്രിംകോടതിയുടെ വിധിന്യായത്തിന്റെ പിന്‍ബലത്തില്‍ സര്‍വരും ചേര്‍ന്നാണ്. സമാധാനവും സഹവര്‍ത്തിത്വവുമെന്നാല്‍ ഹിന്ദുത്വത്തെ അംഗീകരിക്കുക എന്നതായി മാറി. ഹിന്ദുരാഷ്ട്രമെന്നത് ഏതാണ്ട് സ്ഥാപിക്കപ്പെട്ട അവസ്ഥയിലെത്തുന്നുവെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News