വിവാദങ്ങള്‍ ഉയര്‍ത്തി മതസമൂഹങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാനുള്ള ശ്രമം വിലപ്പോവില്ല: പൗരാവകാശ സംരക്ഷണസമിതി

Update: 2021-12-18 13:47 GMT

കോട്ടയം: നിരന്തരം പലവിധത്തിലുള്ള വിവാദങ്ങള്‍ ഉയര്‍ത്തി സമാധാനപൂര്‍വം ജീവിക്കുന്ന കേരളത്തിലെ മതസമൂഹങ്ങള്‍ക്കിടയില്‍ ഭിന്നതയും അനൈക്യവും സൃഷ്ടിക്കുവാനുള്ള തല്‍പ്പരകക്ഷികളുടെ ശ്രമം മതേതര കേരളം ഒറ്റക്കെട്ടായി ചെറുക്കുമെന്ന് പൗരാവകാശ സംരക്ഷണ സമിതി സംഘടിപ്പിച്ച സമ്മേളനം പ്രഖ്യാപിച്ചു. മനുഷ്യര്‍ക്കിടയില്‍ അകലം സൃഷ്ടിക്കുകയും മതിലുകള്‍ തീര്‍ക്കുകയും ചെയ്യുന്ന പ്രവണതയില്‍നിന്ന് സര്‍വ മതവിശ്വാസികളും മാറിനില്‍ക്കുകയും അല്ലാത്തപക്ഷം കേരളത്തിന്റെ സല്‍പ്പേരിന് അത്തരം പ്രവര്‍ത്തനം കളങ്കം സൃഷ്ടിക്കുമെന്നും അനുഗ്രഹ പ്രഭാഷണം നടത്തിയ സ്വാമി സുഖാ കാശ് സ്വരസ്വതി അഭിപ്രായപ്പെട്ടു.

ഹലാല്‍ വിശ്വാസിയുടെ ജീവിതത്തിന്റെ സര്‍വതല സ്പര്‍ശിയായ ഒരു പ്രമേയമാണെന്നും അത് കേവലം ഭക്ഷണത്തെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നും അനുവദനീയമല്ലാത്ത ഭക്ഷണപാനീയങ്ങളില്‍ ഊതുകയോ തുപ്പുകയോ ചെയ്യുന്നതുകൊണ്ട് അത് ഹലാല്‍ ആവുകയില്ലെന്ന് മുഖ്യപ്രഭാഷണം നടത്തിയ സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ അഭിപ്രായപ്പെട്ടു. ലോകത്ത് എവിടെയും ഭീകരാക്രമണങ്ങളും സ്‌ഫോടനങ്ങളും നടക്കുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടിയാണെന്നും മതപ്രചരണവുമായി അതിന് യാതൊരു ബന്ധവുമില്ലെന്നും തെളിവുകള്‍ നിരത്തി അദ്ദേഹം സമര്‍ഥിച്ചു.

കോട്ടയം പഴയ പോലിസ് സ്‌റ്റേഷന്‍ മൈതാനിയില്‍ നടന്ന സമ്മേളനം മുഹമ്മദ് നദീര്‍ ബാഖഫി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മൗലവി അധ്യക്ഷത വഹിച്ചു. സുലൈമാന്‍ ദാരിമി ആമുഖപ്രഭാഷണം നടത്തി. വിവിധ മഹല്ല് ഇമാമുമാര്‍, രാഷ്ട്രീയ സമുദായ നേതാക്കന്‍മാരായ പാറത്തോട് നാസര്‍ മൗലവി, മഹ്മൂന്‍ ഹുദവി, ഷിഫാര്‍ മൗലവി, സാദിഖ് മൗലവി, അസീസ് ബഡായി, സക്കീര്‍ ഹുസൈന്‍, എം ബി അമീന്‍ഷാ, ശരീഫ് ദാരിമി, യു നവാസ്, കെ ഇ പരീദ്, അയ്യൂബ്ഖാന്‍ കൂട്ടിക്കല്‍, സുബൈര്‍ മൗലവി മുണ്ടക്കയം, അജാസ് തച്ചാട്ട്, കെ എം എ സലിം തുടങ്ങിയവരും സംസാരിച്ചു.

Tags:    

Similar News