ജില്ലയില്‍ സമാധാനഭംഗം വരുത്താനുള്ള ആര്‍എസ്എസ് നീക്കം കരുതിയിരിക്കുക: സിപിഎം

കുറ്റവാളിയെ അറസ്റ്റുചെയ്ത് നിയമത്തിന് മുന്നിലെത്തിക്കാനുള്ള നടപടി പോലിസ് അടിയന്തരമായി സ്വീകരിക്കണം. വിശ്വാസികളുടെ പേരില്‍ രാഷ്ട്രീയക്കളി നടത്തുന്നവര്‍ ആരാധനാലയങ്ങളെയാണ് അക്രമകേന്ദ്രമാക്കി മാറ്റുന്നത്.

Update: 2020-01-05 19:25 GMT

കണ്ണൂര്‍: പള്ളിക്കുന്ന് കാനത്തൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ ജീവനക്കാരനും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമായ പി ആനന്ദനെ ക്ഷേത്രത്തില്‍ കയറി ആക്രമിച്ച ആര്‍എസ്എസ് നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ക്ഷേത്രങ്ങള്‍ പരിപാവനവും ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ച് വിശ്വാസികള്‍ ആരാധന നടത്തുന്ന സ്ഥലവുമാണ്. അവിടെയാണ് ആര്‍എസ്എസ്സുകാര്‍ യാതൊരു പ്രകോപനവുമില്ലാതെ അക്രമം നടത്തിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും സേവാഭാരതി ആംബുലന്‍സ് ഡ്രൈവറുമാണ് ആനന്ദനെ വെട്ടിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സിസി ടിവി ദൃശ്യങ്ങളില്‍ തെളിവുകളുമുണ്ട്.

കുറ്റവാളിയെ അറസ്റ്റുചെയ്ത് നിയമത്തിന് മുന്നിലെത്തിക്കാനുള്ള നടപടി പോലിസ് അടിയന്തരമായി സ്വീകരിക്കണം. വിശ്വാസികളുടെ പേരില്‍ രാഷ്ട്രീയക്കളി നടത്തുന്നവര്‍ ആരാധനാലയങ്ങളെയാണ് അക്രമകേന്ദ്രമാക്കി മാറ്റുന്നത്. ആയുധപരിശീലനത്തിനുവേണ്ടി ആരാധനാലയങ്ങളെ ഉപയോഗപ്പെടുത്തിയിരുന്നവര്‍ അവയെ ആക്രമണകേന്ദ്രങ്ങള്‍ കൂടിയാക്കി മാറ്റിയിരിക്കുകയാണ്. തുടയെല്ലില്‍ മാരകമായ പരിക്കേറ്റ് എകെജി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ആനന്ദനെ അടിയന്തരചികില്‍സയ്ക്ക് വിധേയമാക്കുകയുണ്ടായി. ജില്ലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് ബോധപൂര്‍വവും ആസൂത്രിതവുമായ ആര്‍എസ്എസ് നീക്കം. ആര്‍എസ്എസ് അക്രമനീക്കത്തെ ജാഗ്രതയോടെ കാണാനും നാട്ടില്‍ സമാധാനം തകര്‍ക്കുന്നവരെ ഒറ്റപ്പെടുത്താനും ജനാധിപത്യവിശ്വാസികളാകെ സന്നദ്ധമാവണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. 

Tags:    

Similar News