വിദ്യാര്‍ഥിനിയെ ബൈക്കില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; ഇരുപത്തൊന്നുകാരന്‍ പിടിയില്‍
ബൈക്കിനു പിന്നിലിരുന്ന് ഭയന്നു നിലവിളിച്ച പെണ്‍കുട്ടി വേഗത കുറഞ്ഞ സമയം ബൈക്കില്‍ നിന്നും ചാടി. രക്ഷപ്പെട്ട പെണ്‍കുട്ടി നാട്ടുകാരോട് വിവരങ്ങള്‍ പറഞ്ഞു.
കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ബൈക്കില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ ഇരുപത്തൊന്നുകാരനെ കൂത്താട്ടുകുളം പോലിസ് അറസ്റ്റുചെയ്തു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ പെരുവ സ്വദേശി ആകാശ് ആണ് പോലിസിന്റെ പിടിയിലായത്. പെരുവയില്‍ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്.
സ്‌കൂളിലേക്ക് തനിച്ച് നടന്നു പോകുകയായിരുന്നു പെണ്‍കുട്ടിയേയാണ് ആകാശ് ഭീഷണിപ്പെടുത്തി ബൈക്കില്‍ കയറ്റിയത്. നിലത്ത് വണ മൊബൈല്‍ ഫോണ്‍ എടുത്തുതരാന്‍ ആവശ്യപ്പെട്ടാണ് ആകാശ് പെണ്‍കുട്ടിയെ അടുത്തുവിളിച്ചത്. തുടര്‍ന്ന് സ്‌കൂള്‍ ബാഗില്‍ ബലമായി പിടിച്ച് ഭീഷണിപ്പെടുത്തി ബൈക്കില്‍ കയറ്റുകയായിരുന്നു.
ബൈക്കിനു പിന്നിലിരുന്ന് ഭയന്നു നിലവിളിച്ച പെണ്‍കുട്ടി വേഗത കുറഞ്ഞ സമയം ബൈക്കില്‍ നിന്നും ചാടി. രക്ഷപ്പെട്ട പെണ്‍കുട്ടി നാട്ടുകാരോട് വിവരങ്ങള്‍ പറഞ്ഞു. ഇതേസമയം ആകാശ് ബൈക്കോടിച്ച് രക്ഷപ്പെടുകയായിരുന്നു. ഈ സംഭവം നടക്കുന്നതിന് തൊട്ടുമുന്‍പ് സമീപത്തുള്ള വീട്ടമ്മയെ ഉപദ്രവിച്ച് ആകാശ് അവരുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തിരുന്നു. വീട്ടമ്മ ബൈക്കിന്റെ നമ്പര്‍ സഹിതം പോലിസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
സുഹൃത്തിന്റെ ബൈക്കുമായാണ് ആകാശ് എത്തിയതെന്ന് പോലിസ് അന്വേഷണത്തില്‍ വ്യക്തമായി. ബൈക്ക് ഉടമയായ സുഹൃത്തിന്റെ സഹായത്തോടെയാണ് പോലിസ് വീട്ടിലെത്തി ആകാശിനെ പിടികൂടിയത്. ആകാശിനെതിരേ പാലാ, കുറവിലങ്ങാട് പോലിസ് സ്‌റ്റേഷനുകളിലായി 6 ക്രിമിനല്‍ കേസുകള്‍ ഉള്ളതായി പോലിസ് വ്യക്തമാക്കി.
