കല്‍പകഞ്ചേരിയില്‍ ബൈക്കില്‍ മദ്യം കടത്തുന്ന രണ്ട് പേര്‍ പിടിയില്‍

ഇവരുടെ ബൈക്ക് നിയന്ത്രണം വിട്ട് കാറില്‍ ഉരസിയതിനൈ തുടര്‍ന്ന് ഇവരുടെ കയ്യിലുണ്ടായിരുന്ന ചാക്കില്‍ നിറച്ച മദ്യകുപ്പികള്‍ റോഡില്‍ വീഴുകയായിരുന്നു.

Update: 2020-08-04 09:15 GMT

പുത്തനത്താണി: ബൈക്കില്‍ മദ്യം കടത്തുന്ന രണ്ട് പേരെ കല്‍പകഞ്ചേരി എസ്എച്ച് ഒ മുഹമ്മദ് ഹനീഫയും സംഘവും അറസ്റ്റ് ചെയ്തു. താനൂര്‍ ഓണക്കാട് കെ പുരം പട്ടേരിപാട് പ്രവീണ്‍ കുമാര്‍ (48), താനൂരില്‍ താമസക്കാരനും കൊട്ടാരക്കര പാരിപ്പള്ളി സുനില്‍ കുമാര്‍ (45) എന്നിവരാണ് അറസ്റ്റിലായത്.

തിങ്കളാഴ്ച്ച രാവിലെ 11 മണിയോടെ കല്‍പകഞ്ചേരി അങ്ങാടിയില്‍ റോഡ് തകര്‍ന്ന ഭാഗത്ത് ഇവരുടെ ബൈക്ക് നിയന്ത്രണം വിട്ട് കാറില്‍ ഉരസിയതിനൈ തുടര്‍ന്ന് ഇവരുടെ കയ്യിലുണ്ടായിരുന്ന ചാക്കില്‍ നിറച്ച മദ്യകുപ്പികള്‍ റോഡില്‍ വീഴുകയായിരുന്നു. കാറിലുണ്ടായിരുന്ന താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി സി അഷ്‌റഫും നാട്ടുകാരും പോലിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലിസെത്തി ഇവരെ സ്‌റ്റേഷനിലേക്ക് മാറ്റി. ഇവരില്‍ നിന്നും 25 ലിറ്റര്‍ മദ്യമടങ്ങിയ 51 ബോട്ടില്‍ മദ്യകുപ്പികളും പിടിച്ചു. പിടികൂടുന്ന സമയത്ത് ഇവര്‍ മദ്യപിച്ചിരുന്നതായി പോലിസ് പറഞ്ഞു. മദ്യശാലകളില്‍ നിന്നും മദ്യം വാങ്ങി ചില്ലറ വില്‍പ്പന നടത്തുകയാണ് ഇവര്‍ ചെയ്യുന്നതെന്ന് എസ്എച്ച്ഒ ഹനീഫ പറഞ്ഞു. പ്രതികളെ കൊവിഡ് ടെസ്റ്റിനും, വൈദ്യ പരിശോധനക്കും വിധേയമാക്കി. 

Tags: