പ്രവാസി വ്യവസായിയുടെ ആത്മഹത്യ; പികെ ശ്യാമള രാജിവച്ചേക്കും

anthoor municipality chairperson pk shyamalas resigns

Update: 2019-06-22 07:54 GMT

ആന്തൂര്‍: 15 കോടി രൂപ മുടക്കി നിര്‍മിച്ച കണ്‍വന്‍ഷന്‍ സെന്ററിന് നഗരസഭ അനുമതി നിഷേധിച്ചതില്‍ മനം നൊന്ത് പ്രവാസി വ്യവസായി പാറയില്‍ സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭാ അധ്യക്ഷയും സിപിഎം കേന്ദ്രകമ്മിറ്റി അംഗം എംവി ഗോവിന്ദന്റെ ഭാര്യയുമായ പികെ ശ്യാമള രാജിവച്ചേക്കാന്‍ സാധ്യത. സംഭവത്തില്‍ നിലപാട് വ്യക്തമാക്കാന്‍ സിപിഎം ഇന്ന് ആന്തൂരില്‍ രാഷ്ട്രീയവിശദീകരണയോഗം സംഘടിപ്പിക്കാനിരിക്കെയാണ് നഗരസഭാ അധ്യക്ഷയുടെ രാജിക്കുള്ള നീക്കം ശക്തമായത്.

ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലേക്ക് പികെ ശ്യാമളയെ വിളിച്ചുവരുത്തുകയും സെക്രട്ടേറിയറ്റ് യോഗം രാജി ആവശ്യപ്പെടുകയായിരുന്നുവെന്നാണ് റിപോര്‍ട്ട്.

രാവിലെ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ശ്യാമളയോട് സംഭവം വിശദീകരിക്കാന്‍ ആവശ്യപ്പെട്ടു. ശ്യാമള തനിക്ക് പറയാനുള്ള കാര്യങ്ങള്‍ പറയുകയും ശേഷം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ രാജി ആവശ്യപ്പെടുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നു പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവം വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതാണ് രാഷ്ട്രീയവിശദീകരണയോഗം സംഘടിപ്പിക്കാനിരിക്കെ തന്നെ നഗരസഭാ അധ്യക്ഷയുടെ രാജിക്കുള്ള ആവശ്യം ശക്തമായത്.

Tags:    

Similar News