അമ്പൂരി കൊലക്കേസ്: രണ്ടാംപ്രതി രാഹുല്‍ റിമാന്റില്‍; കൂടുതല്‍പേരുടെ പങ്കാളിത്തം അന്വേഷിക്കും
രാഖിയെ പ്രതികളുടെ വീട് കാണാന്‍ ക്ഷണിച്ചാണ് കാറില്‍ കയറ്റിയത്. കാറിന്റെ പിന്‍സീറ്റിലിരുന്ന രാഹുലാണ് ആദ്യം കഴുത്ത് ഞെരിച്ചത്. തുടര്‍ന്ന് അവശയായ രാഖിയെ ഡ്രൈവിങ് സീറ്റിലിരുന്ന അഖില്‍ പിന്‍സീറ്റിലേക്ക് മാറി പ്ലാസ്റ്റിക് കയര്‍കൊണ്ട് കഴുത്ത് വരിഞ്ഞുമുറുക്കി.
തിരുവനന്തപുരം: അമ്പൂരിയില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പിടിയിലായ രണ്ടാംപ്രതി രാഹുലിനെ കോടതി ആഗസ്ത് ഒമ്പതുവരെ റിമാന്റ് ചെയ്തു. ഒന്നാംപ്രതിയും കൊല്ലപ്പെട്ട രാഖിയുടെ കാമുകനുമായ അഖിലിന്റെ അറസ്റ്റ് പോലിസ് രേഖപ്പെടുത്തി. കൊലപാതകത്തിന് പിന്നില്‍ കുറ്റകരമായ ഗൂഡാലോചന നടന്നതായി പോലിസ് കണ്ടെത്തിയിട്ടുണ്ട്. വിവാഹം കഴിച്ചില്ലെങ്കില്‍ സോഷ്യല്‍മീഡിയ വഴി അഖിലിനെ നാണം കെടുത്തുമെന്ന് രാഖി പറഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. രാഖിയുടെ കഴുത്ത് ആദ്യം ഞെരിച്ചത് കേസിലെ രണ്ടാംപ്രതി രാഹുലാണെന്ന് റിമാന്റ് റിപോര്‍ട്ടില്‍ പോലിസ് പറയുന്നു.
രാഖിയെ പ്രതികളുടെ വീട് കാണാന്‍ ക്ഷണിച്ചാണ് കാറില്‍ കയറ്റിയത്. കാറിന്റെ പിന്‍സീറ്റിലിരുന്ന രാഹുലാണ് ആദ്യം കഴുത്ത് ഞെരിച്ചത്. തുടര്‍ന്ന് അവശയായ രാഖിയെ ഡ്രൈവിങ് സീറ്റിലിരുന്ന അഖില്‍ പിന്‍സീറ്റിലേക്ക് മാറി പ്ലാസ്റ്റിക് കയര്‍കൊണ്ട് കഴുത്ത് വരിഞ്ഞുമുറുക്കി. രാഖി കൊല്ലപ്പെട്ടതോടെ നേരത്തെ തയാറാക്കിവച്ച കുഴിയില്‍ മൃതദേഹം മറവു ചെയ്തുവെന്നും അന്വേഷണ സംഘം റിമാന്റ് റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബന്ധത്തില്‍ നിന്ന് പിന്മാറണമെന്ന് മെയ് മാസം അവസാനം തന്നെ സഹോദരങ്ങളായ അഖിലും രാഹുലും രാഖിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാഖി അത് വിസമ്മതിച്ചതോടെയാണ് കൊലപതകത്തിലേക്ക് നീങ്ങിയത്.
രാഖിയുടെ ബാഗ്, മൊബൈല്‍ ഫോണ്‍ എന്നിവ വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ചുവെന്നാണ് ഇവരുടെ സുഹൃത്തായ മൂന്നാംപ്രതി ആദര്‍ശ് ആദ്യം മൊഴി നല്‍കിയിരുന്നത്. എന്നാല്‍, രാഖിയുടെ വസ്ത്രങ്ങളടക്കം കത്തിച്ച് കളഞ്ഞതായി പിന്നീട് പ്രതികള്‍ മൊഴി നല്‍കി. ഈ വൈരുധ്യം സംബന്ധിച്ചും പോലിസ് അന്വേഷിക്കുന്നുണ്ട്. പ്രതികളായ മൂന്ന് പേരേയും സംഭവസ്ഥലത്ത് എത്തിച്ച് പോലിസ് തെളിവെടുപ്പ് നടത്തും. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരുടെ പങ്കാളിത്തമുണ്ടോയെന്നതും പോലിസ് അന്വേഷിക്കും.