അബു ചമച്ചത് രണ്ട് വ്യാജ ഉത്തരവ്; 30,000 രൂപ വാങ്ങി ഓഫിസിലെ സീല്‍ പതിപ്പിച്ചത് ജീവനക്കാരന്‍ അരുണ്‍

തിരുവനന്തപുരം ലാന്റ് റവന്യു കമ്മീഷണര്‍ ഓഫിസില്‍ നിന്നുള്ള ഉത്തരവ് കൂടാതെ റവന്യു ഓഫിസില്‍ നിന്നുള്ള ഉത്തരവും അബു വ്യാജമാക്കി തയാറാക്കി. പഴയ ഉത്തരവിലെ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ വ്യാജമായി തയാറാക്കിയ ഉത്തരവില്‍ വെട്ടിയൊട്ടിച്ചു. ലാന്റ് റവന്യു കമ്മീഷണര്‍ ഓഫിസില്‍ നിന്നുള്ള വ്യാജ ഉത്തരവില്‍ ജീവനക്കാരന്‍ അരുണ്‍ ഓഫിസ് സീലും സീനിയര്‍ സൂപ്രണ്ടിന്റെ നെയിം സീലും പതിപ്പിച്ചു നല്‍കി

Update: 2019-05-11 13:36 GMT

കൊച്ചി: ആലുവ ചൂര്‍ണിക്കരയില്‍ തണ്ണീര്‍തടം കരഭൂമിയാക്കാന്‍ വ്യാജ രേഖ ചമച്ച കേസില്‍ അബു തയാറാക്കിയത് രണ്ട് വ്യജ ഉത്തരവുകളെന്ന് പോലിസ്. ഉത്തരവില്‍ ലാന്റ് റനവ്യു കമ്മീഷണര്‍ ഓഫിസിലെ സീലും സീനിയര്‍ സൂപ്രണ്ടിന്റെ നെയിം സീലും പതിപ്പിച്ചു നല്‍കിയത് ജീവനക്കാരന്‍ അരുണ്‍. പ്രതിഫലമായി അബു അരുണിന് നല്‍കിയത് 30,000 രൂപയെന്നും പോലിസ്.

ചൂര്‍ണ്ണിക്കര വില്ലേജിലുള്ള മതിലകം സ്വദേശിയായ ഹംസ,ഹംസയുടെ ഭാര്യ,ഹംസയുടെ മകള്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള.റവന്യൂ രേഖകളില്‍ നിലമായി കിടക്കുന്ന 71 സെന്റ്് സ്ഥലം കരഭൂമിയാക്കി മാറ്റുന്നതിനായി ഒരു വര്‍ഷം മുമ്പാണ് ശ്രീമൂല നഗരം അപ്പേലി വീട്ടില്‍ അബുട്ടി(അബു-39)യെ സമീപിക്കുന്നത്. ആവശ്യം നടത്തി നല്‍കാമെന്ന് അബു ഉറപ്പു കൊടുത്തു.തുടര്‍ന്ന് ആറു മാസം മുമ്പ് മാറംപിള്ളിയിലെ ഒരു കല്യാണ ചടങ്ങില്‍വെച്ച് ഹംസ അബുവിനോട് നേരിട്ട് സഹായം അഭ്യര്‍ഥിക്കുകുയും അബുവിന്റെ സുഹൃത്ത് ബഷീര്‍ വഴി ആവശ്യമായ രേഖകള്‍ എത്തിച്ചു നല്‍കുകയും ചെയ്തു.തുടര്‍ന്ന് ഈ രേഖകളുമായി അബു ചൂര്‍ണിക്കര വില്ലേജ് ഓഫിസറെ സമീപിച്ചുവെങ്കിലും മേലുത്തരവുണ്ടെങ്കിലേ ചെയ്യാന്‍ കഴിയുവെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി അബു ആര്‍ഡിഒ ഓഫിസില്‍ അപേക്ഷ നല്‍കി.എന്നാല്‍ ആര്‍ഡിഓഫിസില്‍ നിന്നും നടപടി വരാതിരുന്നതിനെ തുടര്‍ന്ന് ലാന്റ് റനവ്യു കമ്മീഷണര്‍ ഓഫിസ് വഴി ശ്രമം നടത്തുന്നതിനായി അബുവിന്റെ ബന്ധുവിന്റെ സുഹൃത്തായ ലാന്റ് റവന്യു കമ്മീഷണര്‍ ഓഫിസിലെ ജീവനക്കാരനായ അരുണിനെ സമീപിച്ചു.രേഖകള്‍ പരിശോധിച്ച അരുണ്‍ അപേക്ഷ നല്‍കാന്‍ പറഞ്ഞു. ഇതു പ്രകാരം അപേക്ഷ നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് റവന്യു ഭാഷയില്‍ ഉത്തരവ് തയാറാക്കാന്‍ പ്രാവീണ്യമുള്ള അബു ലാന്റ് റവന്യു കമ്മീഷണറുടെ ഉത്തരവ് വ്യാജമായി തയാറാക്കി തിരുവനന്തപരുത്തെ ഡിറ്റിപി സെന്ററില്‍ ടൈപ്പ് ചെയ്ത് എടുത്ത് അരുണിന്റെ കൈവശം കൊടുത്തു. 

അരുണ്‍ ഈ വ്യാജ ഉത്തരവ് ലാന്റ് റവന്യു കമ്മീഷണര്‍ ഓഫിസിനകത്ത് കൊണ്ടുപോയി ഓഫിസ് സീലും സീനിയര്‍ സൂപ്രണ്ടിന്റെ നെയിം സീലും വെച്ച് തിരികെ നല്‍കി. ഇതിനു പ്രതിഫലമായി അബു 30,000 രൂപ അരൂണിന് നല്‍കി.ഈ ഉത്തരവ് ചൂര്‍ണിക്കര വില്ലേജ് ഓഫിസില്‍ എത്തിച്ചു നല്‍കി. ഒരു കോപ്പി താലൂക്ക്് ഓഫിസിലും എത്തിച്ചു നല്‍കി.മൂന്നു ദിവസം കഴിഞ്ഞ് താലൂക്ക് ഓഫിസില്‍ എത്തിയപ്പോള്‍ ആര്‍ഡിഓഫിസില്‍ നിന്നും ഡയറക്ഷന്‍ വാങ്ങണമെന്ന് പറഞ്ഞു. ഇത് കിട്ടില്ലെന്ന് മനസിലാക്കിയ അബു പറവൂരിലെ ഒരു ഡിറ്റിപി സെന്ററില്‍ വെച്ച് വ്യാജമായി ഉത്തരവ് തയാറാക്കിയതിനു ശേഷം പഴയ ഉത്തരവിലെ ഒരു ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ വ്യാജമായി തയാറാക്കിയ ഉത്തരവില്‍ വെട്ടിയൊട്ടിച്ചു.തുടര്‍ന്ന് ഇതിന്റെ ഫോട്ടോ സ്റ്റാറ്റ് എടുത്ത് വില്ലേജ് ഓഫിസില്‍ നല്‍കി. എന്നാല്‍ ഇതില്‍ സംശയം തോന്നിയ വില്ലേജ് ഓഫിസര്‍ മേലധികാരികളെ ബന്ധപ്പെട്ടതോടെയാണ് തട്ടിപ്പിന്റെ ചുരളഴിയുന്നത്.

തുടര്‍ന്ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെ അബു ഒളിവില്‍ പോയി.തുടര്‍ന്ന് ആലൂവ റൂറല്‍ പോലസിന്റെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ്് അന്വേഷണം ശക്തമാക്കിയതിനിടയിലാണ് കഴിഞ്ഞ ദിവസം ഏഴാറ്റുമുഖത്തുള്ള ആളൊഴിഞ്ഞ വിട്ടീല്‍ നിന്നും അബു പിടിയിലാകുന്നത്. അബുവിന് രഹസ്യതാവളമൊരുക്കി നല്‍കിയ ബന്ധുക്കളായ അഷറഫ്, റഷീദ് എന്നിവരെയും പോലിസ് അറസ്റ്റു ചെയ്തു. അബുവിന്റെ മൊഴി പ്രകാരമാണ് അരുണ്‍ പിടിയിലാകുന്നത്.

Tags:    

Similar News