ഹിന്ദുത്വ ഭീകരതയെ ഭയക്കാത്ത പണ്ഡിതനിര ഉയര്‍ന്നുവരണം: ഇമാംസ് കൗണ്‍സില്‍

ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ 2019-2020 വര്‍ഷത്തേക്കുള്ള സംസ്ഥാന ഭാരവാഹികളെ വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ തിരഞ്ഞെടുത്തു. മൗലാന മുഹമ്മദ് ഈസാ ഫാദില്‍ മന്‍ബഈ യെ പ്രസിഡന്റായും അര്‍ഷദ് മുഹമ്മദ് നദ്‌വിയെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു.

Update: 2019-01-16 07:38 GMT

തിരുവനന്തപുരം: രാജ്യത്ത് പിടിമുറുക്കുന്ന ഹിന്ദുശക്തികള്‍ക്കെതിരേ ഇസ്‌ലാമിന്റെ മാനവികമുഖം ഉയര്‍ത്തിപ്പിടിച്ച് സമരം ചെയ്യേണ്ട ബാധ്യത പണ്ഡിതന്മാര്‍ക്കുണ്ടെന്നും അതിനായി ബഹുജന കൂട്ടായ്മകള്‍ ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ടെന്നും ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.

അടുത്തിടെ കാസര്‍ഗോഡ് ഉപ്പളയിലെ മദ്‌റസാധ്യാപകന്‍ അബ്ദുല്‍ കരീം മുസ്്‌ലിയാര്‍ക്കെതിരേ സംഘ്പരിവാര്‍ ഭീകരര്‍ നടത്തിയ ആള്‍ക്കൂട്ട ആക്രമണത്തെ പ്രതിനിധിസഭ അപലപിച്ചു. പഴയചൂരിയിലെ റിയാസ് മൗലവിയെ ഹിന്ദുത്വ ഭീകരര്‍ കൊലപ്പെടുത്തിയതിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകുന്നതിന് മുമ്പാണ് ഈ സംഭവമെന്നത് ഏറെ ഗൗരവതരമാണ്.

ആരാധനാലയങ്ങള്‍ക്കും മതപണ്ഡിതന്മാര്‍ക്കുമെതിരിലുള്ള സംഘ്പരിവാര്‍ നീക്കത്തെ ഫലപ്രദമായി നേരിടുന്നതില്‍ പോലിസും ഭരണകൂടവും പരാജയപ്പെട്ടിരിക്കുകയാണ്. മതപണ്ഡിതന്മാര്‍ക്കുനേരെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സംഘപരിവാര ആക്രമണങ്ങളെ അപലപിക്കാന്‍ പോലും ധൈര്യം കാണിക്കാത്ത പണ്ഡിതസംഘടനകളുടെ നിലപാടില്‍ ഇമാമുമാര്‍ അസ്വസ്ഥരാണെന്നും പ്രതിനിധിസഭ ചൂണ്ടിക്കാട്ടി.

ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ 2019-2020 വര്‍ഷത്തേക്കുള്ള സംസ്ഥാന ഭാരവാഹികളെ വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ തിരഞ്ഞെടുത്തു. മൗലാന മുഹമ്മദ് ഈസാ ഫാദില്‍ മന്‍ബഈ യെ പ്രസിഡന്റായും അര്‍ഷദ് മുഹമ്മദ് നദ്‌വിയെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു.

മൗലവി ഫത്ഹുദ്ദീന്‍ റഷാദി, കെ കെ അബ്ദുല്‍ മജീദ് ഖാസിമി (വൈസ് പ്രസിഡന്റുമാര്‍), ഹാഫിസ് അഫ്‌സല്‍ ഖാസിമി, എം നിസാറുദ്ദീന്‍ മൗലവി, കെ മുഹമ്മദ് സലീം ഖാസിമി (സെക്രട്ടറിമാര്‍), എം ഇ എം അശ്‌റഫ് മൗലവി (ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. പി കെ സുലൈമാന്‍ മൗലവി, സയ്യിദ് മുഹമ്മദ് അല്‍ഖാസിമി കോട്ടയം, ഹാഫിസ് ഷഫീഖ് അല്‍ഖാസിമി ഇടുക്കി, അബ്ദുര്‍റഹ്മാന്‍ ബാഖവി മലപ്പുറം, അബ്ദുല്‍ ജലീല്‍ സഖാഫി കോഴിക്കോട്, ഇബ്‌റാഹീം മൗലവി വടുതല, അക്ബര്‍ഷാ മൗലവി കോട്ടയം എന്നിവരെ പ്രവര്‍ത്തക സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.

പ്രിയപ്പെട്ട നബി കാമ്പയിനോടനുബന്ധിച്ചു സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച പ്രബന്ധരചനാ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാന ദാനം പ്രതിനിധി സഭയില്‍ നടന്നു. 

Tags: