എയ്ഡഡ് കോളജ് അധ്യാപക നിയമനം: സര്‍ക്കാര്‍ ഉത്തരവ് പുനപ്പരിശോധിക്കണമെന്ന് എന്‍എസ്എസ്

കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്തിന്റെ സുഗമമായ നടത്തിപ്പിന് തുരങ്കംവയ്ക്കുന്ന ഇത്തരമൊരു ഉത്തരവ്, യാതൊരു കാരണവശാലും ഇറങ്ങാന്‍ പാടില്ലായിരുന്നു.

Update: 2020-04-02 09:40 GMT

കോട്ടയം: എയ്ഡഡ് കോളജ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ പുതിയ ഉത്തരവ് പുനപ്പരിശോധിക്കണമെന്ന് എന്‍എസ്എസ്. ഉന്നതവിദ്യാഭ്യാസം നേടി തൊഴിലില്ലാതെ അലയുന്ന ഒട്ടേറെ ചെറുപ്പക്കാരുടെ തൊഴിലസവരം നഷ്ടമാവാന്‍ ഇത് ഇടവരുത്തുമെന്ന കാര്യം സര്‍ക്കാര്‍ ഓര്‍ക്കണം. ഇതിന്‍മേല്‍ ഒരു പുനപ്പരിശോധനയ്ക്ക് സര്‍ക്കാര്‍ തയ്യാറാവേണ്ടതാണ്. അല്ലാത്തപക്ഷം ഇതിനെതിരേ യുക്തമായ നിലപാടുകള്‍ സ്വീകരിക്കേണ്ടതായിവരുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. എയ്ഡഡ് ആര്‍ട്‌സ് & സയന്‍സ് കോളജുകളില്‍ ആഴ്ചയില്‍ 16 മണിക്കൂര്‍ ജോലിയുണ്ടെങ്കിലേ അധ്യാപകതസ്തിക അനുവദിക്കാവൂ എന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുകയാണ്.

നിലവില്‍ 9 മണിക്കൂറില്‍ കൂടുതല്‍ ജോലിഭാരമുണ്ടെങ്കില്‍ തസ്തിക സൃഷ്ടിക്കാം. ഒരു പിജി കോഴ്‌സിന് കുറഞ്ഞത് 5 അധ്യാപകരെ നിയമിക്കാനും വ്യവസ്ഥയുണ്ടായിരുന്നു. പുതിയ ഉത്തരവനുസരിച്ച് ഒരു പിജി കോഴ്‌സിന് അധ്യാപകരുടെ എണ്ണം അഞ്ചില്‍നിന്ന് മൂന്നാവും. നിലവിലെ രീതി തുടരുകയാണെങ്കില്‍ കൂടുതല്‍ സാമ്പത്തികബാധ്യത വരുമെന്നാണ് സര്‍ക്കാരിന്റെ വാദം. ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിന് നമ്മുടെ സംസ്ഥാനത്ത് വര്‍ഷങ്ങളായി നടന്നുവരുന്ന നിയമനരീതിക്കാണ് ഇത്തരമൊരു മാറ്റംവരുത്തിയിരിക്കുന്നത്. ഇത് നമ്മുടെ കോളജുകളുടെ അധ്യയനനിലവാരത്തെയും നിലനില്‍പിനെത്തന്നെയും സാരമായി ബാധിക്കും. ഇങ്ങനെയൊരു മാറ്റംവരാന്‍പോവുന്നു എന്നുള്ള അഭ്യൂഹങ്ങള്‍ ഉണ്ടായപ്പോഴെല്ലാം അതിനെതിരേ ശക്തമായ എതിര്‍പ്പുകള്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുമുയര്‍ന്നിട്ടുള്ളതാണ്.

ആ സാഹചര്യത്തില്‍ മാനേജ്‌മെന്റുകളുമായും അധ്യാപകസംഘടനകളുമായും ചര്‍ച്ച നടത്തി വ്യക്തമായ ഒരു ധാരണയുണ്ടാക്കാതെ ഇത്തരമൊരു തീരുമാനം പൊടുന്നനെ എടുക്കുമെന്ന് ആരും കരുതിയിരുന്നില്ല. എയ്ഡഡ് കോളജുകള്‍ ഉള്‍പ്പെടുന്ന കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗം മറ്റുള്ള സംസ്ഥാനങ്ങളില്‍നിന്നും വളരെ വ്യത്യസ്തമാണെന്ന കാര്യം സര്‍ക്കാര്‍ ഓര്‍ക്കേണ്ടതാണ്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്തിന്റെ സുഗമമായ നടത്തിപ്പിന് തുരങ്കംവയ്ക്കുന്ന ഇത്തരമൊരു ഉത്തരവ്, യാതൊരു കാരണവശാലും ഇറങ്ങാന്‍ പാടില്ലായിരുന്നു. ഏകാധ്യാപകനുള്ളതും 16 മണിക്കൂറില്‍ താഴെ വര്‍ക്ക്‌ലോഡ് ഉള്ളതുമായ വിഷയങ്ങള്‍ക്ക് എന്നെന്നേക്കുമായി അധ്യാപകതസ്തിക നഷ്ടമാവുന്ന അവസ്ഥയുണ്ടാവുകയും അത് കോളജുകളുടെ അധ്യയനനിലവാരം തകര്‍ക്കുകയും ചെയ്യുമെന്ന് ജനറല്‍ സെക്രട്ടറി ചൂണ്ടിക്കാട്ടി.  

Tags:    

Similar News