പ്രതിഷേധം മറികടന്ന് മലകയറാന്‍ നൂറ് വനിതകള്‍; യാത്ര നാളെ ആരംഭിക്കും

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഇതാദ്യമായാണ് അഗസ്ത്യാര്‍കൂടത്തിന്റെ നെറുകയിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനാനുമതി ലഭിച്ചത്. നാളെ മുതല്‍ മാര്‍ച്ച് 1 വരെയുള്ള 47 ദിവസത്തെ യാത്രക്കായി 4,700 പേരാണ് ഇത്തവണ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 100 പേര്‍ വനിതകളാണ്. വനിതകള്‍ കയറുന്നതിനെതിരേ എതിര്‍പ്പുമായി ആദിവാസികളിലെ കാണി വിഭാഗവും ആദിവാസി മഹാസഭയും രംഗത്തുണ്ട്.

Update: 2019-01-13 16:02 GMT

തിരുവനന്തപുരം: ശബരിമലയ്ക്ക് സമാനമായി സ്ത്രീകള്‍ പ്രവേശിക്കുന്നതില്‍ പ്രതിഷേധം നിലനില്‍ക്കുന്നതിനിടെ വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള അഗസ്ത്യാര്‍കൂട യാത്ര നാളെ രാവിലെ ആരംഭിക്കും. നാളെ മുതല്‍ മാര്‍ച്ച് 1 വരെയുള്ള 47 ദിവസത്തെ യാത്രക്കായി 4,700 പേരാണ് ഇത്തവണ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 100 പേര്‍ വനിതകളാണ്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഇതാദ്യമായാണ് അഗസ്ത്യാര്‍കൂടത്തിന്റെ നെറുകയിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനാനുമതി ലഭിച്ചത്. ഏറെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് ഇത്തവണ മുതല്‍ സ്ത്രീകള്‍ക്കും അനുമതി നല്‍കി വനംവകുപ്പ് വിജ്ഞാപനം ഇറക്കിയത്.


ഇതിനെതിരേ എതിര്‍പ്പുമായി അഗസ്ത്യാര്‍കൂടത്തിലെ ആദിവാസികളിലെ കാണി വിഭാഗവും ആദിവാസി മഹാസഭയും രംഗത്തുണ്ട്. അതേസമയം, കോടതി ഉത്തരവുള്ള സാഹചര്യത്തില്‍ വനംവകുപ്പിന് സ്ത്രീകളുടെ യാത്രയെ തടയാനാവില്ല. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്. എന്നാല്‍, പ്രതിഷേധങ്ങള്‍ ഭയന്ന് പിന്‍മാറാനില്ലെന്നാണ് മലകയറാന്‍ അനുമതി നേടിയെടുത്തവരുടെ നിലപാട്. മലകയറാന്‍ അനുമതി ലഭിച്ച സ്ത്രീകള്‍ സുരക്ഷ ആവശ്യപ്പെട്ട് കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. ആദ്യദിനമായ നാളെ മലകയറാന്‍ പ്രതിരോധ വക്താവ് ധന്യ സനലുണ്ടാവും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റുയുവതികളും അഗസ്ത്യമലയുടെ നെറുകയിലെത്തും.

അഗസ്ത്യമുനിയുടെ ആരാധനാലയത്തിലേക്ക് യുവതികള്‍ കയറിയാല്‍ അശുദ്ധിയുണ്ടാവുമെന്നാണ് കാണിവിഭാഗത്തിന്റെ വാദം. എന്നാല്‍ ഏതു വിധത്തിലുള്ള പ്രതിഷേധമാണ് സംഘടിപ്പിക്കുകയെന്നു വെളിപ്പെടുത്തിയിട്ടില്ല. ഇതിനുമുമ്പും അഗസ്ത്യാര്‍കൂടത്തിലെ സ്ത്രീപ്രവേശനത്തെ കാണിവിഭാഗം എതിര്‍ത്തിരുന്നു. അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ കയറിയാല്‍ തടയുമെന്ന് ആദിവാസി മഹാസഭയ്ക്ക് കീഴിലെ സ്ത്രീകളുടെ കൂട്ടായ്മയും വ്യക്തമാക്കിയിട്ടുണ്ട്. അഗസ്ത്യാര്‍ മലയിലേക്ക് സ്ത്രീകളെത്തുന്നത് ആചാരലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയ ആദിവാസി മഹാസഭ, സ്ത്രീകളെ തന്നെ രംഗത്തിറക്കി പ്രതിഷേധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നാളെ ബോണക്കാട് ആദിവാസി സ്ത്രീകളുടെ പ്രതിഷേധയജ്ഞം സംഘടിപ്പിക്കും.


അഗസ്ത്യമലയുടെ അടിവാരത്ത് 27 സെറ്റില്‍മെന്റ് കോളനികളിലായി 1,500 ആദിവാസികളാണ് താമസിക്കുന്നത്. ഇവിടത്തെ സ്ത്രീകളാരും ഇതുവരെ അതിരുമല കടന്ന് നെറുകയിലേക്ക് കയറിയിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്. അഗസ്തൃമലയിലെ ആചാരങ്ങള്‍ സംരക്ഷിയ്ക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശൃപ്പെട്ട് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത്് ഇന്നുരാവിലെ 10.30ന് സെക്രട്ടേറിയറ്റിലേക്ക് ആചാരസംരക്ഷണ മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

യാത്രികര്‍ രാവിലെ ഏഴോടെ ബോണക്കാട് എസ്റ്റേറ്റിനടുത്തുള്ള പിക്അപ് സ്റ്റേഷനിലെത്തി പേര് രജിസ്റ്റര്‍ ചെയ്യും. രജിസ്‌ട്രേഷന്‍ പാസ്സ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടേയും മറ്റ് പരിശോധനകള്‍ക്കും ശേഷം 20 പേരടങ്ങുന്ന 5 ഗ്രൂപ്പുകളായി തിരിച്ചാവും യാത്രാനുമതി നല്‍കുക. 8.30ഓടെ ആദ്യസംഘം യാത്രതിരിക്കും. ഒരോ സംഘങ്ങളിലും ഇക്കോ ഡെവലപ്പ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ ഗൈഡുമാര്‍ ഉണ്ടാവും. 12 മണിക്ക് ശേഷം യാത്ര അനുവദിക്കില്ല. ബോണക്കാട്ടും അതിരുമല ബേസ്‌സ്റ്റേഷനിലും ക്യാന്റീന്‍ ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്. വനിത ഗാര്‍ഡുമാരുടെ സേവനവും ഉറപ്പാക്കി. മലകയറുന്നവര്‍ക്കായി അപകട ഇന്‍ഷുറന്‍സും ഉണ്ടാവും.

Tags: