അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗുഢാലോചന: ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ; ഹൈക്കോടതിയില്‍ ഹരജിയുമായി പ്രോസിക്യൂഷന്‍

ഹരജി ഇന്ന് ഉച്ചയ്ക്ക് 1.45 ന് പരിഗണിക്കുമെന്നാണ് വിവരം

Update: 2022-01-28 06:56 GMT

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗുഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ നല്‍കിയ മുന്‍ കൂര്‍ ജാമ്യ ഹരജി ഇന്ന് പരിഗണിക്കണമെന്ന അപേക്ഷയുമായി പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചു.അപേക്ഷ പരിഗണിച്ച കോടതി പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഉപഹരജി ഇന്ന് ഉച്ചയ്ക്ക് 1.45 ന് പരിഗണിക്കുമെന്നാണ് വിവരം.വ്യാഴാഴ്ച കേസ് പരിഗണിച്ചിരുന്നുവെങ്കിലും പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം ഹരജി പരിഗണിക്കുന്നത് അടുത്ത മാസം രണ്ടിലേക്ക് മാറ്റുകയും അതുവരെ ദിലീപ് അടക്കമുള്ള പ്രതികളുടെ അറസ്റ്റ് ഹൈക്കോടതി തടയുകയും ചെയ്തിരുന്നു.എന്നാല്‍ ഇതിനിടയിലാണ് പ്രോസിക്യൂഷന്‍ അപ്രതീക്ഷിതമായി ഹൈക്കോടതിയെ ഇന്ന് സമീപിച്ചത്.

അന്വേഷണവുമായി ദിലീപ് സഹകരിക്കുന്നില്ലെന്നാണ് പ്രോസിക്യഷന്‍ വ്യക്തമാക്കുന്നത്.അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതെന്നു കരുതുന്ന മൊബൈല്‍ ഫോണ്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചുവെങ്കിലും ഇതിന് ഇവര്‍ തയ്യാറാകുന്നില്ല.തെളിവ് നശിപ്പിക്കാനുള്ള പ്രതികളുടെ ശ്രമത്തിന്റെ ഭാഗമായിട്ടാണ് മൊബൈല്‍ ഫോണ്‍ ഇവര്‍ ഹാജരാക്കാത്തതെന്നും പ്രോസിക്യൂഷന്‍ പറയുന്നു.ഈ സാഹചര്യത്തില്‍ മൊബൈല്‍ ഫോണ്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നു.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് നടന്‍ ദിലീപ്,സഹോദരന്‍ അനൂപ്,സഹോദരി ഭര്‍ത്താവ് സുരാജ്, ബന്ധു അപ്പു,സുഹൃത്ത് ബൈജു എന്നിവര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് ദിലീപ് അടക്കമുള്ള പ്രതികള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹരജി സമര്‍പ്പിച്ചത്.തുടര്‍ന്ന്

ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ദിലീപ് അടക്കമുള്ള  അഞ്ചു പ്രതികള്‍ കഴിഞ്ഞ ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ അന്വേഷണ സംഘത്തിനു മുമ്പാകെ രാവിലെ ഒമ്പതു മുതല്‍ രാത്രി എട്ടുവരെ ഹാജരായി ചോദ്യം ചെയ്യലിനു വിധേയരായിരുന്നു.ഇതിനു ശേഷം വ്യാഴാഴ്ച ഹരജി വീണ്ടും പരിഗണിച്ചപ്പോഴാണ് അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം വിശദമായ അന്വേഷണ റിപോര്‍ട്ടും തെളിവുകളും സമര്‍പ്പിക്കാന്‍ ഫെബ്രുവരി രണ്ടിലേക്ക് പരിഗണിക്കാന്‍ മാറ്റിയത്.

Tags:    

Similar News