നടിയെ ആക്രമിച്ച കേസ്:തുടരന്വേഷണത്തിന് കുടുതല്‍ സമയം വേണമെന്ന് അന്വേഷണ സംഘം;ഹരജി പരിഗണിക്കുന്നതില്‍ നിന്നും പിന്മാറണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു

തുടക്കം മുതല്‍ കേസ് പരിഗണിക്കുന്ന ബഞ്ചില്‍ നിന്നും ഹരജി ഈ ഘട്ടത്തില്‍ മാറ്റാന്‍ കഴിയില്ലെന്ന് കോടത് വ്യക്തമാക്കി.

Update: 2022-06-01 07:27 GMT

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ രീതിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിന്റെ തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ ഹരജി ജസ്റ്റിസ് കൗസര്‍ എടപ്പകത്ത് പരിഗണിക്കരുതെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല.തുടക്കം മുതല്‍ കേസ് പരിഗണിക്കുന്ന ബഞ്ചില്‍ നിന്നും ഹരജി ഈ ഘട്ടത്തില്‍ മാറ്റാന്‍ കഴിയില്ലെന്ന് കോടത് വ്യക്തമാക്കി.

നേരത്തെ കോടതി അന്വേഷണ സംഘത്തിന് സമയം നീട്ടി നല്‍കിയിരുന്നു. ഏറ്റവും ഒടുവിലായി മെയ് 30 വരെയായിരുന്നു കോടതി സമയം അനുവദിച്ചിരുന്നത്.എന്നാല്‍ വീണ്ടും കുടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു അന്വേഷണ സംഘം കോടതിയെ സമീപ്പിച്ചത്

.അതേ സമയം നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഇനിയും സമയം നീട്ടി നല്‍കരുതെന്ന് കേസിലെ പ്രതികളിലൊരാളായ നടന്‍ ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടു.ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്ന അന്വേഷണ സംഘത്തിന്റെ ആരോപണം അടിസ്ഥാന രഹിതമാണ്.ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് ഫൊറന്‍സിക് പരിശോധന ഫലം നേരത്തേ തന്നെ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ പരിശോധനയുടെ പേരില്‍ ഇനിയും സമയം നീട്ടി നല്‍കരുതെന്നും ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടു.അതേ സമയം ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് രണ്ടു തവണ തുറന്നുവെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ തുടര്‍ നടപടികളുണ്ടാകുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പമാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

Tags: