നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം: ദിലീപിന്റെ ഹരജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

അന്വേഷണം പൂര്‍ത്തിയാക്കുന്നതിനു മൂന്നു മാസത്തെ സമയം കൂടി അനുവദിക്കണമെന്നു സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. പുതിയ പല തെളിവുകളും കണ്ടെത്തിയിട്ടുണ്ടെന്നും കൂടുതല്‍ സമയം അനുവദിച്ചാല്‍ മാത്രമേ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനാവൂവെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു

Update: 2022-02-24 15:55 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന നടന്‍ ദിലീപിന്റെ ഹരജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.അന്വേഷണം പൂര്‍ത്തിയാക്കുന്നതിനു മൂന്നു മാസത്തെ സമയം കൂടി അനുവദിക്കണമെന്നു സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. പുതിയ പല തെളിവുകളും കണ്ടെത്തിയിട്ടുണ്ടെന്നും കൂടുതല്‍ സമയം അനുവദിച്ചാല്‍ മാത്രമേ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനാവൂവെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ തുടരന്വേഷണം മാര്‍ച്ച് ഒന്നിനു മുന്‍പു പൂര്‍ത്തിയാക്കണമെന്ന് കോടതി വാക്കാല്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മൂന്നു മാസത്തെ സമയം ആവശ്യപ്പെട്ടു രേഖാമൂലം സര്‍ക്കാര്‍ അപേക്ഷ സമര്‍പ്പിച്ചത്.

തുടരന്വേഷണ വിവരങ്ങളും രേഖകളും ക്രൈം ബ്രാഞ്ച് മുദ്രവച്ച കവറില്‍ കോടതിക്കു കൈമാറി.തുടരന്വേഷണത്തിനാധാരമായ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറുമായി അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനു മുന്‍ പരിചയമില്ലെന്നും ബാലചന്ദ്രകുമാര്‍ സ്വാഭാവിക സാക്ഷിയാണന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. അതേ സമയം തനിക്കെതിരെ നടക്കുന്നത് തെറ്റായ അന്വേഷണമാണെന്നു ദിലീപ് അഭിഭാഷകന്‍ മുഖേന കോടതിയില്‍ വാദിച്ചു. തനിക്ക് ശരിയായ രീതിയിലുള്ള വിചാരണയ്ക്ക് അവകാശമുണ്ടെന്നും ദിലീപ് വാദിച്ചു.ഹീനമായ കൃത്യമാണ് തനിക്കുനേരെ ഉണ്ടായതെന്നും പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ദിലീപിന്റെ ഹരജിയില്‍ കക്ഷി ചേര്‍ന്ന ആക്രമണത്തിനിരയായ നടി ആവശ്യപ്പെട്ടു

Tags:    

Similar News