നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണ റിപോര്‍ട്ട് 22 ന് കോടതിയില്‍ സമര്‍പ്പിക്കും

കേസില്‍ 1500 പേജുള്ള അനുബന്ധ കുറ്റപത്രമാണ് അന്വേഷണ സംഘം സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്

Update: 2022-07-19 07:38 GMT

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച അപകീര്‍ത്തികരമായ രീതിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിന്റെ തുടന്വേഷണ റിപ്പോര്‍ട്ട് 22 ന് കോടതിയില്‍ സമര്‍പ്പിച്ചേക്കും. കേസില്‍ 1500 പേജുള്ള അനുബന്ധ കുറ്റപത്രമാണ് അന്വേഷണ സംഘം സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്.നടന്‍ ദിലീപിന്റെ സുഹൃത്തായ ശരത്തിനെയും കേസില്‍ പ്രതിചേര്‍ത്തുവെന്നാണ് വിവരം.

ഒപ്പം ദിലീപിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയതായും സൂചനയുണ്ട്.അതേ സമയം തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നാഴ്ച കൂടി സമയം നീട്ടി അനുവദിക്കണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരന്നുവെങ്കിലും ഈ മാസം 22 നുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു കോടതി നിര്‍ദ്ദേശം.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് കേസില്‍ ക്രൈംബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചത്.അതിജീവിതയുടെ ആവശ്യപ്രകാരം കേസില്‍ പുതിയ സെപ്ഷ്യല്‍ പ്രോസിക്യൂട്ടറെയും അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറെയും നിയോഗിച്ച് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവായിരുന്നു.

Tags: