അര്‍ച്ചന കവി സഞ്ചരിച്ച കാറില്‍ മെട്രോയുടെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നു വീണ സംഭവം: നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം

സംഭവത്തില്‍ അടിയന്തിര പരിശോധന ഉണ്ടാകുന്നതിനൊപ്പം കാറിനുണ്ടായ കേടുപാടിന് നഷ്ടപരിഹാരം നല്‍കണമെന്നും അര്‍ച്ചന ആവശ്യപ്പെട്ടിരുന്നു. ഇത് പോലുള്ള സംഭവങ്ങള്‍ ഇനിയാവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കണമെന്നും അര്‍ച്ചന പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു.

Update: 2019-06-07 15:55 GMT

കൊച്ചി: നടി അര്‍ച്ചന കവിയുടെ കാറിനു മുകളിലേക്ക് കൊച്ചി മെട്രോയുടെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നു വീണ സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ കെഎംആര്‍എല്‍ തീരുമാനം. സംഭവത്തില്‍ നിര്‍മാണ പിഴവ് സംബന്ധിച്ച് അന്വേഷണം നടത്താനും കെഎംആര്‍എല്‍ ഉത്തരവിട്ടു. സംഭവത്തില്‍ അടിയന്തിര പരിശോധന ഉണ്ടാകുന്നതിനൊപ്പം കാറിനുണ്ടായ കേടുപാടിന് നഷ്ടപരിഹാരം നല്‍കണമെന്നും അര്‍ച്ചന ആവശ്യപ്പെട്ടിരുന്നു. ഇത് പോലുള്ള സംഭവങ്ങള്‍ ഇനിയാവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കണമെന്നും അര്‍ച്ചന പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് നടി അര്‍ച്ചന കവി സഞ്ചരിച്ചിരുന്ന കാറിനു മുകളിലേക്ക് കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണത്. മുട്ടത്തുവച്ചായിരുന്നു അപകടം. തലനാരിഴയ്ക്കാണ് അര്‍ച്ചന കവി രക്ഷപ്പെട്ടത്. കോണ്‍ക്രീറ്റ് പാളിയുടെ വീഴ്ചയില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. അര്‍ച്ചന തന്നെയാണ് ഈ വിവരം തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്. അപകടത്തില്‍ മുന്‍ഭാഗം തകര്‍ന്ന കാറിന്റെ ചിത്രങ്ങളും അര്‍ച്ചന പങ്കുവച്ചിരുന്നു. അര്‍ച്ചന നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്.

സംഭവത്തില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എംഡി എപിഎം മുഹമ്മദ് ഹനീഷ് ഐഎഎസ് ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ആലുവ മുതല്‍ മഹാരാജാസ് വരെ പരിശോധന നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കി. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ വിവരം അറിയിക്കുകയും സംഭവത്തില്‍ റിപ്പോര്‍ട്ട് തേടുകയും ചെയ്തിട്ടുണ്ട്.

Tags:    

Similar News