മാധ്യമപ്രവര്‍ത്തകനെ കൈയേറ്റം ചെയ്ത സിഐയ്‌ക്കെതിരേ നടപടി വേണം: കെയുഡബ്ല്യുജെ

കേരള കൗമുദി ഫോട്ടോഗ്രാഫര്‍ നിശാന്ത് ആലുക്കാടിനെയാണ് കണ്‍ട്രോള്‍ റൂം സിഐ ഡി കെ പൃഥ്വിരാജ് കൈയേറ്റം ചെയ്തത്.

Update: 2020-09-16 12:14 GMT

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ സമരചിത്രമെടുക്കാനെത്തിയ പത്രഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്ത സിഐയ്‌ക്കെതിരേ നടപടിയെടുക്കണമെന്ന് പത്രപ്രവര്‍ത്തക യൂനിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കേരള കൗമുദി ഫോട്ടോഗ്രാഫര്‍ നിശാന്ത് ആലുക്കാടിനെയാണ് കണ്‍ട്രോള്‍ റൂം സിഐ ഡി കെ പൃഥ്വിരാജ് കൈയേറ്റം ചെയ്തത്. കൊവിഡ് വ്യാപനം രൂക്ഷമായ ഈ ഘട്ടത്തില്‍ വളരെ പ്രയാസം അനുഭവിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ സമരകേന്ദ്രങ്ങളില്‍ റിപോര്‍ട്ട് ചെയ്യാനെത്തുന്നതും അവ കാമറയില്‍ പകര്‍ത്തുന്നതും.

ഒരു പ്രകോപനവുമില്ലാതെയാണ് നിശാന്തിനെ കൈയേറ്റം ചെയ്തത്. ഇതിനുത്തരവാദിയായ സിഐയ്‌ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലവും സെക്രട്ടറി ബി അഭിജിത്തും ഡിജിപിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റിനു മുന്നിലും ഏജീസ് ഓഫിസിന് മുന്നിലും റിപോര്‍ട്ടര്‍മാരുടെയും ഫോട്ടോഗ്രാഫര്‍മാരുടെയും ഹെല്‍മെറ്റ് കാണാതാവുന്നതും പതിവാകുന്നു. ഇക്കാര്യത്തിലും പോലിസിന്റെ ജാഗ്രത ഉണ്ടാവണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. 

Tags: