മാവേലിക്കര ഇരട്ട കൊലപാതകം: പ്രതി സുധീഷിന് വധശിക്ഷ

കൊലക്കു കാരണം ഭാര്യയോട് അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതിലെ പക.

Update: 2019-12-04 12:55 GMT

ആലപ്പുഴ: മാവേലിക്കര ഇരട്ട കൊലപാതക കേസില്‍ പ്രതിക്ക് വധശിക്ഷ. ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. മാവേലിക്കര പല്ലാരിമംഗലം ദേവു ഭവനത്തില്‍ ബിജു (42), ഭാര്യ ശശികല(35) എന്നിവരെ അയല്‍വാസിയായ പൊണ്ണശ്ശേരി കിഴക്കതില്‍ തിരുവമ്പാടി വീട്ടില്‍ സുധീഷ് (39) കമ്പികൊണ്ട് അടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. 2018 ഏപ്രില്‍ 23 നായിരുന്നു സംഭവം.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായതിനാല്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ബിജു ശശികല ദമ്പതികളുടെ അന്ന് ഒന്‍പത് വയസുള്ള മകന്‍ അപ്പു സംഭവം കണ്ട് ഭയന്ന് അയല്‍ വീട്ടില്‍ എത്തി വിവരം അറിയിച്ചു. അയല്‍വാസികളും ബന്ധുക്കളും എത്തിയപ്പോള്‍ അടിയേറ്റ ദമ്പതിമാര്‍ അവശനിലയിലായിരുന്നു. ശശികല സംഭവസ്ഥലത്തും ബിജു കായംകുളം സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് പോകും വഴിയും മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ബിജു സഹോദരനോട് സുധീഷാണ് തങ്ങളെ അടിച്ചു വീഴ്ത്തിയതെന്ന് പറഞ്ഞു.

ശശികലയോട് സുധീഷ് പലതവണ അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ചു. ഇയാളുടെ ശല്യം സഹിക്കാന്‍ വയ്യാതെ വന്നപ്പോള്‍ ശശികല ഭര്‍ത്താവിനോട് പരാതി പറഞ്ഞു. ഭര്‍ത്താവ് ഇത് ചോദ്യം ചെയ്തു. ഇതിനെതുടര്‍ന്ന് ഉടലെടുത്ത വൈരാഗ്യമാണ് കൊലപാതകത്തില്‍ എത്തിയത്. പ്രിന്‍സിപ്പല്‍ സെഷന്‍സ്‌കോടതി മുമ്പാകെ 33 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പ്രോസിക്യൂട്ടര്‍ സി.വിധു ഹാജരായി.

Tags:    

Similar News