വയനാട്ടില്‍ 900 കര്‍ഷക കുടുംബങ്ങള്‍ ജപ്തി ഭീഷണിയില്‍

ഡിസംബര്‍ 31വരെ സര്‍ക്കാര്‍ മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് രൂക്ഷമായ പ്രതിസന്ധിക്ക് പരിഹാരമാവില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. ധനകാര്യ സ്ഥാപനങ്ങളുടെ ധിക്കാരപരമായ നടപടിയെത്തുടര്‍ന്ന് കര്‍ഷകര്‍ ആത്മഹത്യയെ അഭയം പ്രാപിക്കുകയാണ്.

Update: 2019-03-06 11:11 GMT

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ 900 ല്‍പരം കര്‍ഷക കുടുംബങ്ങള്‍ ജപ്തി ഭീഷണി നേരിടുന്നതായി കര്‍ഷകസഖ്യം. ഡിസംബര്‍ 31വരെ സര്‍ക്കാര്‍ മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് രൂക്ഷമായ പ്രതിസന്ധിക്ക് പരിഹാരമാവില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. ധനകാര്യ സ്ഥാപനങ്ങളുടെ ധിക്കാരപരമായ നടപടിയെത്തുടര്‍ന്ന് കര്‍ഷകര്‍ ആത്മഹത്യയെ അഭയം പ്രാപിക്കുകയാണ്. ജില്ലയില്‍ 956 കര്‍ഷകര്‍ വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും കര്‍ഷകസംഘം നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. കാര്‍ഷിക കടങ്ങളില്‍ സര്‍ഫാസി നിയമം പ്രയോഗിക്കാന്‍ പാടില്ലെന്നിരിക്കെ, ജില്ലയില്‍ 900ത്തിലധികം കര്‍ഷകര്‍ പ്രസ്തുത നിയമത്തിന്റെ പരിധിയില്‍ ജപ്തി നടപടി നേരിടുകയാണ്.

കര്‍ഷക പെന്‍ഷനുവേണ്ടി സമര്‍പ്പിക്കപ്പെട്ട 2016 ജൂലൈ മുതലുള്ള അപേക്ഷകള്‍ പരിഗണിക്കപ്പെട്ടിട്ടില്ല. ഇത് അടിയന്തരപ്രാധാന്യത്തോടെ പരിഗണിക്കണം. സംസ്ഥാനത്തിന്റെ പൊതുകടം പെരുകുമ്പോഴും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ശമ്പളവും മറ്റാനുകൂല്യങ്ങളും വന്‍തോതില്‍ വര്‍ധിപ്പിക്കുകയും കര്‍ഷകരെ അവഗണിക്കുകയുമാണ്. കാര്‍ഷികമേഖലയുടെ സുസ്ഥിരവികസനത്തിനാവശ്യമായ കര്‍മപദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വിമുഖതകാണിക്കുകയാണ്. കര്‍ഷകരെടുത്ത വായ്പകള്‍ തങ്ങളുടേതല്ലാത്ത കാരണത്താല്‍ തിരിച്ചടയ്ക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഈ സാഹചര്യത്തില്‍ കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും എഴുതിത്തള്ളണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.




Tags:    

Similar News