കയറുംമുന്‍പേ ബസ് മുന്നോട്ടെടുത്തു; എണ്‍പത്തഞ്ചുകാരിയുടെ കാലില്‍ ചക്രം കയറി
അന്നമ്മയുടെ വലതു കാല്‍മുട്ടിനു താഴെ മുറിച്ചുമാറ്റേണ്ടി വരുമെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു.
മണര്‍കാട്: കയറുന്നതിനു മുന്‍പു മുന്നോട്ടെടുത്ത ബസില്‍ നിന്നു താഴെ വീണ എണ്‍പത്തഞ്ചുകാരിയുടെ കാലില്‍ പിന്‍ചക്രം കയറിയിറങ്ങി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച അന്നമ്മയുടെ വലതു കാല്‍മുട്ടിനു താഴെ മുറിച്ചുമാറ്റേണ്ടി വരുമെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇടുപ്പെല്ലിനും ഇടതു കാലിന്റെ ഉപ്പൂറ്റിക്കും പരുക്കുണ്ട്. വെള്ളൂര്‍ ഇല്ലിവളവ് തെക്കെക്കുറ്റ് അന്നമ്മ ചെറിയാന്‍ ആണു മണര്‍കാട് പള്ളി ജംക്ഷനില്‍ അപകടത്തില്‍പെട്ടത്.
ഇന്നലെ ഉച്ചയ്ക്കു രണ്ടിനാണു സംഭവം. മണര്‍കാട് പള്ളിയില്‍ കല്യാണത്തില്‍ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. പള്ളി ജംക്ഷനില്‍ നിന്നു മണര്‍കാട് കവലയിലേക്കു പോകാന്‍, പാലായില്‍ നിന്ന് കോട്ടയത്തേക്കു പോകുന്ന ബീന ബസില്‍ അന്നമ്മ കയറി. വാതില്‍ക്കല്‍ നിന്നു പൂര്‍ണമായി കയറുന്നതിനു മുന്‍പേ ബസ് ബെല്‍ അടിച്ചു മുന്നോട്ട് എടുത്തതായി നാട്ടുകാര്‍ പറഞ്ഞു. നിലത്തു വീണ അന്നമ്മയുടെ വലതുകാലില്‍ ചക്രം പൂര്‍ണമായും ഇടതുകാലില്‍ ഭാഗികമായും കയറി.