കൊവിഡ് ജാഗ്രത അവഗണിച്ച് രജിത്തിന് സ്വീകരണം, ഏഴ് പേര്‍ കൂടി അറസ്റ്റില്‍

കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത നിലനില്‍ക്കുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് ബിഗ് ബോസ് താരം രജിത് കുമാറിന്റെ ആരാധകര്‍ ഒത്തുകൂടിയ സംഭവം വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

Update: 2020-03-16 18:57 GMT

കൊച്ചി: കൊവിഡ് ജാഗ്രത അവഗണിച്ച് നെടുമ്പാശ്ശേരിയില്‍ ബിഗ് ബോസ് റിയാലിറ്റി ഷോ മത്സരാര്‍ത്ഥി രജിത് കുമാറിനു സ്വീകരണം നല്‍കിയ സംഭവത്തില്‍ 7 പേര്‍ കൂടി അറസ്റ്റില്‍. സംഭവവുമായ ബന്ധപ്പെട്ട് നെടുമ്പാശ്ശേരി പോലിസ് ഇതുവരെ 9 പേരെ അറസ്റ്റ് ചെയ്തു. സോണി തോമസ് കറുകുറ്റി, ഫരീറുദ്ദിന്‍ പെരുമ്പാവൂര്‍, ബിനു പാലാരിവട്ടം, ക്രിസ്റ്റി ജോണ്‍ പറവൂര്‍, കിരണ്‍ ജോണ്‍ പറവൂര്‍ അനില്‍ കുമാര്‍ മുപ്പത്തടം, വിപിന്‍ കൊല്ലം എന്നിവരാണ് അറസ്റ്റിലായത്. 34 പ്രതികളെ കൂടി തിരിച്ചറിഞ്ഞതായും പോലിസ് അറിയിച്ചു.

കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയും കര്‍ശന നിരീക്ഷണവും നിലനില്‍ക്കുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് ബിഗ് ബോസ് താരം രജിത് കുമാറിന്റെ ആരാധകര്‍ ഒത്തുകൂടിയ സംഭവം വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. സംഭവത്തില്‍ സ്വീകരണത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ കേസെടുക്കുമെന്ന് എറണാകുളം ജില്ലാ കലക്ടര്‍ വ്യക്തമാക്കിയിരുന്നു. സ്വീകരണത്തിനെത്തിയവരെ അറസ്റ്റ് ചെയ്യുമെന്ന് പിന്നീട് എറണാകുളം റൂറല്‍ എസ്പിയും വ്യക്തമാക്കി. പിന്നാലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ആദ്യം രണ്ട് പേരെയും പിന്നീട് 7 പേരെയും അറസ്റ്റ് ചെയ്തു. വിമാനത്താവളത്തില്‍ സ്വീകരണം ഒരുക്കിയ സംഭവത്തില്‍ രജിത് കുമാറടക്കം എഴുപത്തിയഞ്ചു പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.




Tags:    

Similar News