അഞ്ചുവയസുകാരന്‍ കുഴല്‍കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

100 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിയിരിക്കുന്നത്.

Update: 2019-04-14 01:03 GMT

ലക്‌നോ: ഉത്തര്‍പ്രദേശിലെ മഥുരയില്‍ അഞ്ചുവയസുകാരന്‍ കുഴല്‍കിണറില്‍ വീണു. 100 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിയിരിക്കുന്നത്. സുരക്ഷിതമായി കുട്ടിയെ പുറത്തെത്തിക്കുന്നതിനായി രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് പോലിസ് അറിയിച്ചു. മഥുരയിലെ ഷെര്‍ഗാര്‍ഹ് ഗ്രാമത്തില്‍ ശനിയാഴ്ച വൈകീട്ടോടെയാണ് കൂട്ടുകാരുമായി കളിക്കുന്നതിനിടെ പ്രവീണ്‍ എന്ന കുട്ടി മൂടിയില്ലാത്ത കുഴല്‍ക്കിണറില്‍ വീണത്. ശനിയാഴ്ച രാത്രി കുട്ടി രക്ഷാപ്രവര്‍ത്തകരോട് പ്രതികരിച്ചിരുന്നു. കുട്ടിക്ക് ഓക്‌സിജന്‍ ലഭിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.


 പോലിസും ദേശീയ ദുരന്തനിവാരണസേനയും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഫയര്‍ഫോഴ്‌സും സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. സംഭവം നടന്നയുടന്‍തന്നെ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടുകയും അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സേവനവും ജില്ലാ ഭരണകൂടം അഭ്യര്‍ഥിച്ചിട്ടുണ്ട്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴല്‍ക്കിണറിന്റെ വ്യാപ്തി കൂട്ടുന്ന പ്രവര്‍ത്തിയാണ് പുരോഗമിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ 10 ദിവസത്തിനിടെ കുട്ടികള്‍ കുഴല്‍കിണറില്‍ വീണ് അപകടത്തില്‍പ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. ഏപ്രില്‍ മൂന്നിന് ആറുവയസുകാരി 60 അടി താഴ്ചയിലുള്ള കുഴല്‍ക്കിണറില്‍ വീണിരുന്നു. 58 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് കുട്ടിയെ പുറത്തെടുക്കാനായത്. 

Tags:    

Similar News