അന്തർസംസ്ഥാന ബസ് ബുക്കിങ് ഓഫീസുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന
സുരേഷ് കല്ലട ബസില്‍ യാത്രക്കാരെ മര്‍ദിച്ച് ഇറക്കിവിട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധന. നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതായി സൂചനയുണ്ട്.
തിരുവനന്തപുരം: തമ്പാനൂരിലെ അന്തർ സംസ്ഥാന ബസ് ബുക്കിങ് ഓഫീസുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന. തമ്പാനൂർ മുതൽ മോഡൽ സ്കൂൾ ജങ്ഷൻ വരെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓഫീസുകളിലാണ് പരിശോധന തുടരുന്നത്. സുരേഷ് കല്ലട ബസില്‍ യാത്രക്കാരെ മര്‍ദിച്ച് ഇറക്കിവിട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധന. നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതായി സൂചനയുണ്ട്. കല്ലടയുടെ ബുക്കിങ് ഓഫീസുകളിൽ ചിലത് പ്രവര്‍ത്തിക്കുന്നത് ലൈസന്‍സില്ലാതെയാണ്. ആറ് ബസ്സുകൾ പെര്‍മിറ്റ് ഇല്ലാതെ ഓടുന്നതായും കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്നതുള്‍പ്പെടെയുള്ള ടൂറിസ്റ്റ് ബസ് ഓപറേറ്റേഴ്‌സിന് കടിഞ്ഞാണുമായി പോലിസ് രംഗത്തു വന്നിരുന്നു. കല്ലട ബസിലെ ജീവനക്കാർ നടത്തിയ അക്രമത്തിന്റെ പശ്ചാത്തത്തിൽ ടൂറിസ്റ്റ് ബസ് സർവീസിനെതിരായ നിരവധി നിയമലംഘനങ്ങളാണ് പുറത്തു വരുന്നത്.
ബസിൽ പുതുതായി ജീവനക്കാരെ നിയമിക്കുന്നതിന് മുമ്പായി അതാതു പോലിസ് സ്‌റ്റേഷനുകളില്‍ നിന്നും പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് ഡിഐജിയും കൊച്ചി സിറ്റി പോലിസ് കമ്മീഷണറുമായ എസ് സുരേന്ദ്രന്‍ നിര്‍ദേശിച്ചു. നിലവില്‍ ജോലിയെടുക്കുന്നവരും പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങി പോലിസില്‍ ഹാജരാക്കണം. ബസിലെ ജീവനക്കാരുടെ പേരും മേല്‍വിലാസവും മൊബൈല്‍ ഫോണ്‍ നമ്പറും യാത്രക്കാര്‍ക്ക് വ്യക്തമായി വായിക്കാവുന്ന വിധത്തില്‍ ബസിനുള്ളില്‍ പ്രദര്‍ശിപ്പിക്കണമെന്നും കമ്മീഷണര്‍ ബസ് ഓപറേറ്റേഴ്‌സിനു നല്‍കിയ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. യാത്രക്കാരോട് മാന്യമായ പെരുമാറാത്ത ജീവനക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും. ബസുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന എല്ലാ പരാതികള്‍ക്കും ബസുടമകള്‍ ആയിരിക്കും ഉത്തരവാദിയെന്നും കമ്മീഷണര്‍ അറിയിച്ചു.
