താഴേക്കിടയിലുള്ളവരുടെ ജീവിതത്തില്‍ ഗുണപ്രദമായ മാറ്റങ്ങളുണ്ടാക്കാന്‍ സാങ്കേതികവിദ്യയ്ക്ക് കഴിയണം: മുഖ്യമന്ത്രി

ലോകത്ത് തകര്‍ച്ച നേരിട്ടിരുന്ന പല രാജ്യങ്ങളും പുരോഗതിയിലേക്ക് കുതിച്ചത് സാങ്കേതികമികവ് കൈവരിച്ചതിലൂടെയാണ്.ഓരോ വികസന മുന്നേറ്റവും ചെറുപ്പക്കാര്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് നാടിന്റെ ഭാവി തീരുമാനിക്കപ്പെടുന്നത്. സാങ്കേതികവിദ്യയുടെ ഭവിഷ്യത്തുകളേക്കാള്‍ സാധ്യതകളിലേക്കാണ് ഊന്നല്‍ നല്‍കേണ്ടത്. എന്നാല്‍ ഈ സാധ്യതകള്‍ നമ്മുടെ നാട്ടില്‍ വേണ്ടത്ര എത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി

Update: 2019-02-10 08:39 GMT

കൊച്ചി: സമൂഹത്തില്‍ താഴേക്കിടയിലുള്ളവരുടെ ജീവിതത്തില്‍ ഗുണപ്രദമായ മാറ്റങ്ങളുണ്ടാക്കാന്‍ സാങ്കേതികവിദ്യയ്ക്ക് കഴിയണമെന്നും കര്‍ഷകരും പരമ്പരാഗത വ്യവസായങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള അസാപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല പ്രഫഷണല്‍ വിദ്യാര്‍ഥി സമ്മേളനം കൊച്ചി സര്‍വകലാശാല കാംപസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ലോകത്ത് തകര്‍ച്ച നേരിട്ടിരുന്ന പല രാജ്യങ്ങളും പുരോഗതിയിലേക്ക് കുതിച്ചത് സാങ്കേതികമികവ് കൈവരിച്ചതിലൂടെയാണ്.ഓരോ വികസന മുന്നേറ്റവും ചെറുപ്പക്കാര്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് നാടിന്റെ ഭാവി തീരുമാനിക്കപ്പെടുന്നത്. സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും സാങ്കേതികവിദ്യ വ്യാപിച്ചു കഴിഞ്ഞു. ഇതിന്റെ ഭവിഷ്യത്തുകളേക്കാള്‍ സാധ്യതകളിലേക്കാണ് നാം ഊന്നല്‍ നല്‍കേണ്ടത്. എന്നാല്‍ ഈ സാധ്യതകള്‍ നമ്മുടെ നാട്ടില്‍ വേണ്ടത്ര എത്തിയിട്ടില്ലെന്നതാണ് വസ്തുതയെന്നും മുഖ്യമന്ത്രി പറഞ്ഞു.ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാരില്ലാത്തതല്ല, വില കിട്ടാത്തതാണ് കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നം. പ്രഫഷണല്‍ വിദ്യാഭ്യാസം കൈവരിക്കുന്നവരില്‍ ഒരു ശതമാനമെങ്കിലും ഈ രംഗത്ത് കേന്ദ്രീകരിച്ചാല്‍ സാമൂഹികവും സാമ്പത്തികവുമായി വന്‍ മാറ്റമുണ്ടാകും. കൃഷി, ഫിഷറീസ്, പൗള്‍ട്രി തുടങ്ങിയ രംഗങ്ങളിലെല്ലാം സാങ്കേതികവിദ്യയില്‍ ഊന്നിയുള്ള മുന്നേറ്റം സൃഷ്ടിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചട്ടക്കൂടുകളില്ലാതെ ചെറുപ്പക്കാര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് അമേരിക്കയിലെ സിലിക്കണ്‍ വാലി. കേരളത്തിലും സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് വലിയ മാറ്റങ്ങളുണ്ടാക്കാനാകും. ഇവര്‍ക്ക് നിക്ഷേപങ്ങളും നികുതി ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് സഹായകമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കണ്ടുപിടിത്തങ്ങള്‍ക്ക് പേറ്റന്റ് ലഭ്യമാക്കുന്നതിന് പ്രത്യേക സഹായം നല്‍കുന്നത് സംബന്ധിച്ചും നിയമവിദഗ്ധരുമായി ചേര്‍ന്ന് ആലോചിക്കും. മെഡിക്കല്‍, എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ക്ക് പബ്ലിക്ക് ലൈബ്രറി പോലെ ആശ്രയിക്കാവുന്ന ലാബറട്ടറികള്‍ രൂപപ്പെടുത്തുന്നതും സര്‍ക്കാരിന്റെ ആലോചനയിലുണ്ട്.ആതുരസേവനരംഗത്ത് രോഗികള്‍ ഉള്ളിടത്തേക്ക് ഡോക്ടര്‍മാരെ എത്തിക്കുകയെന്ന നയമാണ് സര്‍ക്കാര്‍ പിന്തുടരുന്നത്. സേവനസന്നദ്ധതയ്ക്കാണ് ഡോക്ടര്‍മാര്‍ മുന്‍തൂക്കം നല്‍കേണ്ടത്. ഗ്രാമീണമേഖലയെ പ്രത്യേകമായി ശ്രദ്ധിക്കണം. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് ഗ്‌ളോബല്‍ അപ്ഗ്രഡേഷന്‍ പ്രോഗ്രാം ഏര്‍പ്പെടുത്തും.പ്രഫഷണല്‍ വിദ്യാഭ്യാസം കാലാനുസൃതമാക്കുന്നതിനും കോഴ്‌സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികളെ തൊഴില്‍സജ്ജരാക്കുന്നതിനും സിലബസ് വര്‍ഷം തോറും പരിഷ്‌കരിക്കും.തീവ്രസ്വഭാവമുള്ള വിഘടനവാദ സംഘടനകളും സമൂഹത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവരും ലക്ഷ്യമിടുന്നത് വിദ്യാര്‍ഥികളെയാണ്. അവരുടെ കെണിയില്‍ വീഴരുത്. സ്ത്രീസമത്വം സാമൂഹികസമത്വമാണെന്ന തിരിച്ചറിവ് വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകണം. അഴിമതിരഹിതരും മാതാപിതാക്കളെയും മുതിര്‍ന്നവരെയും സംരക്ഷിക്കുകയും ചെയ്യുന്ന സമൂഹമാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും ഉയര്‍ന്നു വരേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.മന്ത്രി കെ ടി ജലീല്‍ അധ്യക്ഷത വഹിച്ചു.


Tags:    

Similar News