മോദിയുടെ വിസ റദ്ദാക്കണം, തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും; പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനെതിരേ മമത

Update: 2021-03-27 14:51 GMT

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്. ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ നടത്തിയ മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്ന് മമത ആരോപിച്ചു. ഖാരഗ്പൂരില്‍ നടന്ന പ്രചാരണ പരിപാടിയിലാണ് മോദിക്കെതിരേ മമത ആഞ്ഞടിച്ചത്. ബംഗാളില്‍ തിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. മോദി ബംഗ്ലാദേശിലെത്തി ബംഗാളിനെക്കുറിച്ച് സംസാരിക്കുകയാണ്. പ്രധാനമന്ത്രിയുടെ നടപടി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ റാലിയില്‍ ഒരു ബംഗ്ലാദേശി നടന്‍ പങ്കെടുത്തപ്പോള്‍ ബിജെപി ബംഗ്ലാദേശ് സര്‍ക്കാരുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ വിസ റദ്ദാക്കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ ബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഒരുവിഭാഗം ജനങ്ങളുടെ വോട്ടുനേടാനായി മോദി ബംഗ്ലാദേശില്‍ പോയി. എന്തുകൊണ്ടാണ് മോദിയുടെ വിസ റദ്ദാക്കുന്നില്ല. ഇക്കാര്യം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് തങ്ങള്‍ പരാതി നല്‍കുമെന്നും മമത വ്യക്തമാക്കി.

ബംഗാളില്‍ ഒന്നാംഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് പോളിങ് നടക്കുന്നതിനിടയിലാണ് മോദി ബംഗ്ലാദേശ് സന്ദര്‍ശനം നടത്തിയത്. രണ്ടുദിവസത്തെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ മോദി ഒരകണ്ഡിയിലെ മതുവ വിഭാഗത്തില്‍പ്പെട്ടവരുടെ ക്ഷേത്രദര്‍ശനം നടത്തിയതിനെയും മമത വിമര്‍ശിച്ചു. ഹിന്ദു മതുവ സമുദായത്തില്‍ നിന്നുള്ള നൂറുകണക്കിനാളുകളുടെ വാസസ്ഥലമാണ് ഒരകണ്ടി.

അവരില്‍ വലിയൊരു വിഭാഗം ഇപ്പോള്‍ പശ്ചിമബംഗാളില്‍ താമസിക്കുന്നവരും തിരഞ്ഞെടുപ്പില്‍ ഇവരുടെ വോട്ട് നിര്‍ണായക ഘടകവുമാണ്. മമത ബംഗ്ലാദേശില്‍നിന്ന് ആളുകളെ ബംഗാളിലേക്ക് കൊണ്ടുവന്നുവെന്നാണ് അവര്‍ ആരോപിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ പ്രധാനമന്ത്രി തന്നെ വോട്ടുകച്ചവടത്തിനായി ബംഗ്ലാദേശിലേക്ക് പോയിരിക്കുകയാണെന്ന് മമത കുറ്റപ്പെടുത്തി.

Tags:    

Similar News