കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനം ഇടിച്ചുകയറി കര്‍ഷകര്‍ മരിച്ച സംഭവം: അന്വേഷണം പ്രഖ്യാപിച്ച് യോഗി സര്‍ക്കാര്‍

Update: 2021-10-03 19:39 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ കര്‍ഷകപ്രതിഷേധത്തിനിടയിലേക്ക് കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനം ഇടിച്ചുകയറി കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ച സംഭവത്തില്‍ യോഗി സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. എട്ടുപേര്‍ കൊല്ലപ്പെട്ടതില്‍ താന്‍ അതീവദു:ഖിതനാണെന്ന് പറഞ്ഞ യോഗി, കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉറപ്പുനല്‍കുകയും ചെയ്തു. സമാധാനം നിലനിര്‍ത്താന്‍ അദ്ദേഹം എല്ലാവരോടും അഭ്യര്‍ഥിച്ചു. അതിനിടെ, പ്രതിഷേധം കടുപ്പിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച സംഘടനകള്‍ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12 നും ഒന്നിനുമിടയില്‍ രാജ്യത്തെ എല്ലാ കലക്ടറേറ്റുകള്‍ക്ക് മുന്നിലും പ്രതിഷേധിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. കര്‍ഷക നേതാവ് രാകേഷ് ടികായത്ത് ഉള്‍പ്പെടെ പഞ്ചാബില്‍നിന്നും ഹരിയാനയില്‍നിന്നുമുള്ള കര്‍ഷകര്‍ യുപിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

ലാഖിംപൂര്‍ ഖേരിയിലെ ബന്‍വീറിലായിരുന്നു സംഭവം. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, കേന്ദ്രമന്ത്രി അജയ് മിശ്ര എന്നിവരുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കര്‍ഷകര്‍ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മൗര്യ, അജയ്കുമാര്‍ മിശ്ര എന്നിവര്‍ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടി ഞായറാഴ്ച ബന്‍വീറില്‍ നിശ്ചയിച്ചിരുന്നു.

ഇതിനായി ലാഖിംപൂരിലെ മഹാരാജ അഗ്രസന്‍ സ്‌പോര്‍ട്‌സ് ഗ്രൗണ്ട് ഹെലിപാഡില്‍ മന്ത്രിമാര്‍ ഇറങ്ങുന്നുവെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് ഹെലിപാഡ് ഉപരോധിക്കാന്‍ ഒട്ടേറെ കര്‍ഷകര്‍ കരിങ്കൊടിയുമായി അവിടെയെത്തിയിരുന്നു. അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഓടിച്ച വാഹനം പ്രതിഷേധക്കാര്‍ക്കിടയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. രണ്ടുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ ആശുപത്രിയിലാണ് മരിച്ചത്. മന്ത്രിയുടെ മകനും മറ്റൊരു ബന്ധുവുമാണ് വാഹനത്തിലുണ്ടായിരുന്നത്. കര്‍ഷകര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ വാഹനം അഗ്നിക്കിരയാക്കിയതായുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Tags: