വനിതാ സംവരണം; ബിജെപിക്ക് വഴങ്ങാത്ത സംസ്ഥാനങ്ങളില്‍ കടുത്ത നടപടി: കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രീം കോടതി
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഉണ്ടാകുന്ന ഭരണഘടനാലംഘനം കണ്ടില്ലെന്നു നടിക്കുകയാണെന്ന് കോടതി വിമര്‍ശിച്ചു.
ഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ വനിതാ സംവരണം നടപ്പാക്കാത്തതില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. ബിജെപിക്ക് വഴങ്ങാത്ത സംസ്ഥാനങ്ങളില്‍ കേന്ദ്രം കടുത്ത നടപടി സ്വീകരിക്കുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ ഇടപെടുന്നില്ലെന്നും സുപ്രീം കോടതി വിമര്‍ശിച്ചു. നാഗാലാന്‍ഡിലെ വനിതാ സംവരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു വിമര്‍ശനം.
നാഗാലാന്‍ഡിലെ മുനിസിപ്പല്‍, ടൗണ്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പുകളില്‍ സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സംവരണം എന്നത് നടപ്പാക്കാന്‍ സംസ്ഥാനത്ത് നടപടി സ്വീകരിച്ചില്ലെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി ജഡ്ജിമാരായ എസ്.കെ. കൗള്‍, സുധാന്‍ഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രസര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചത്. ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളില്‍ ഏതറ്റം വരെയും പോകുന്ന കേന്ദ്രസര്‍ക്കാര്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഉണ്ടാകുന്ന ഭരണഘടനാലംഘനം കണ്ടില്ലെന്നു നടിക്കുകയാണെന്ന് കോടതി വിമര്‍ശിച്ചു.
കേന്ദ്രസര്‍ക്കാര്‍ ഭരണഘടന നടപ്പാക്കാന്‍ തയാറല്ലെന്ന് ജസ്റ്റിസ് കൗള്‍ പറഞ്ഞു. സംവരണം നടപ്പാക്കുന്നതില്‍നിന്ന് നാഗാലാന്‍ഡ് ഒഴിവാകുന്ന എന്തെങ്കിലും കാരണമുണ്ടോയെന്നതില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ നേരത്തേ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ ഇത്തരമൊരു റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടില്ല. ഗോത്രമേഖലയില്‍ നിയമത്തിന് പ്രാബല്യമില്ലെന്ന് കേന്ദ്രത്തിന് തീരുമാനിക്കാനാകില്ലെന്നും കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജിനോട് ബെഞ്ച് പറഞ്ഞു.എന്നാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് സമയം നീട്ടിനല്‍കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടത്. എന്നാല്‍ ഇത്തരമൊരു ഘട്ടത്തിലല്ല ഇത് ആവശ്യപ്പെടേണ്ടതെന്നു കോടതി ചൂണ്ടിക്കാട്ടി. ബിജെപി സഖ്യകക്ഷിയായി നാഷനല്‍ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (എന്‍ഡിപിപി) ആണ് നാഗാലാന്‍ഡ് ഭരിക്കുന്നത്. പുതിയ നിയമം നാഗാലാന്‍ഡ് ഉടന്‍ നടപ്പാക്കുമെന്ന് നാഗാലാന്‍ഡ് അഡ്വക്കറ്റ് ജനറല്‍ കെ.എന്‍. ബാല്‍ഗോപാല്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പലവട്ടം അവസരം നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നായിരുന്നു കോടതിയുടെ മറുപടി.
