യുപിയില്‍ യുവതിയെയും ഭിന്നശേഷിക്കാരനായ യുവാവിനെയും തലമൊട്ടയടിച്ച് ചെരുപ്പുമാല അണിയിച്ച് തെരുവിലൂടെ നടത്തിച്ചു

37കാരിയായ യുവതിക്കും 40 കാരനായ യുവാവിനുമാണ് ദുരനുഭവമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ബന്ധുക്കളായ രണ്ടുപേരെ പോലിസ് അറസ്റ്റുചെയ്തു.

Update: 2020-08-27 06:11 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ യുവതിയെയും ഭിന്നശേഷിക്കാരനായ യുവാവിനെയും തലമൊട്ടയടിച്ചും കഴുത്തില്‍ ചെരുപ്പുമാല അണിയിച്ചും തെരുവിലൂടെ നടത്തിച്ചു. ഉത്തര്‍പ്രദേശ് കനൗജി ജില്ലയിലെ ഒരു ഗ്രാമത്തിലാണ് പ്രാകൃതനടപടി അരങ്ങേറിയതെന്ന് എന്‍ഡി ടിവി റിപോര്‍ട്ട് ചെയ്തു. 37കാരിയായ യുവതിക്കും 40 കാരനായ യുവാവിനുമാണ് ദുരനുഭവമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ബന്ധുക്കളായ രണ്ടുപേരെ പോലിസ് അറസ്റ്റുചെയ്തു.

രണ്ടുമാസം മുമ്പ് യുവതിയുടെ ഭര്‍ത്താവ് ജീവനൊടുക്കിയിരുന്നു. പിന്നീട് യുവതിയെ സുഹൃത്തായ യുവാവ് പല കാര്യങ്ങളിലും സഹായിച്ചു. എന്നാല്‍, യുവതിയുടെ ബന്ധുക്കള്‍ക്ക് ഇതിഷ്ടപ്പെട്ടില്ലെന്ന് പോലിസ് പറഞ്ഞു. അവരാണ് യുവതിയെയും യുവാവിനെയും ഉപദ്രവിച്ചത്. അതിക്രമത്തില്‍ പങ്കുള്ള എല്ലാവരെയും അറസ്റ്റുചെയ്യുമെന്നും പോലിസ് വ്യക്തമാക്കി. എഫ്ഐആറില്‍ എട്ട് പ്രതികളുടെ പേരാണുള്ളത്.

സംഭവത്തിന്റെ വീഡിയോദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. യുവാവിന്റെയും യുവതിയുടെയും തല കുത്തിപ്പിടിച്ച് ആളുകള്‍ ഇടുങ്ങിയ പാതയിലൂടെ ഗ്രാമം മുഴുവന്‍ നടത്തിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കുട്ടികളടക്കം ധാരാളം ആളുകള്‍ ഇവരെ അനുഗമിക്കുന്നതായും ദൃശ്യങ്ങളില്‍ വ്യക്തമാണ്. യുവതിയുടെയും യുവാവിന്റെയും തലമൊട്ടയടിക്കുകയും മുഖം കറുപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Tags:    

Similar News