രാഹുലിനെ മടക്കി അയച്ചത് തടങ്കലിലുള്ള നേതാക്കളെ കാണാന്‍ ശ്രമിച്ചതിന്; വിശദീകരണവുമായി കശ്മീര്‍ ഗവര്‍ണര്‍

വീട്ടുതടങ്കലില്‍ കഴിയുന്ന രാഷ്ട്രീയനേതാക്കളെ കാണാന്‍ ശ്രമിച്ചതിനാലാണ് രാഹുലിനെ മടക്കി അയച്ചതെന്ന് എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി. കശ്മീരിലെ സ്ഥിതിഗതികള്‍ നേരിട്ടെത്തി മനസ്സിലാക്കാനാണ് താന്‍ രാഹുലിനെ ക്ഷണിച്ചത്.

Update: 2019-08-26 09:34 GMT

ശ്രീനഗര്‍: കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും പ്രതിപക്ഷ സംഘത്തെയും മടക്കി അയച്ച സംഭവത്തില്‍ വിശദീകരണവുമായി കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. വീട്ടുതടങ്കലില്‍ കഴിയുന്ന രാഷ്ട്രീയനേതാക്കളെ കാണാന്‍ ശ്രമിച്ചതിനാലാണ് രാഹുലിനെ മടക്കി അയച്ചതെന്ന് എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി. കശ്മീരിലെ സ്ഥിതിഗതികള്‍ നേരിട്ടെത്തി മനസ്സിലാക്കാനാണ് താന്‍ രാഹുലിനെ ക്ഷണിച്ചത്. എന്നാല്‍, വീട്ടുതടങ്കലിലുള്ള നേതാക്കളെ കാണാനാണ് രാഹുല്‍ ശ്രമിച്ചത്. ഇക്കാരണത്താലാണ് അദ്ദേഹത്തെയും സംഘത്തെയും കശ്മീരില്‍നിന്ന് മടക്കി അയച്ചതെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക് പറയുന്നു.

                        തേജസ് ന്യൂസ് യൂ ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

എന്റെ ക്ഷണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദം അവസാനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കശ്മീരിലെ അക്രമങ്ങളെക്കുറിച്ച് രാഹുല്‍ ഗാന്ധി തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തിയപ്പോഴാണ് താന്‍ രാഹുലിനെ ക്ഷണിച്ചത്. എന്നാല്‍, അഞ്ചുദിവസത്തേക്ക് അദ്ദേഹം പ്രതികരിച്ചില്ല. തുടര്‍ന്ന് ആളുകളെ കൂടെ കൊണ്ടുപോവുമെന്നും തടവുകാരെ കാണുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെയാണ് സന്ദര്‍ശനം അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയത്. സമീപഭാവിയില്‍ ഏതെങ്കിലും സന്ദര്‍ശനം ഷെഡ്യൂള്‍ ചെയ്യുന്നതിന് മുമ്പ് ശരിയായ അനുമതി തേടണമെന്നും ഗവര്‍ണര്‍ പറഞ്ഞു. 15 ദിവസത്തിനകം കശ്മീര്‍ മേഖലയില്‍ പ്രകടമായ പുരോഗതിയുണ്ടാവും. ജനങ്ങളുടെ ജീവിതത്തിനും ഭൂമിക്കും ജോലിക്കും സര്‍ക്കാര്‍ സമ്പൂര്‍ണസംരക്ഷണം ഉറപ്പാക്കും.

ഗുലാം നബിയുടെ കാലത്തുപോലും ജീവനുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഒരൊറ്റ ജീവന്‍പോലും നഷ്ടപ്പെടില്ലെന്ന് ഉറപ്പുനല്‍കുന്നു. ഓരോ കശ്മീരികളുടെ ജീവിതവും നമുക്ക് വിലപ്പെട്ടതാണ്. ടെലിഫോണ്‍ ബന്ധം പുനസ്ഥാപിക്കുന്നതിന് 10 ദിവസംകൂടി കാത്തിരിക്കണമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ചയാണ് രാഹുലിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘം കശ്മീരിലെത്തിയത്. എന്നാല്‍, ശ്രീനഗര്‍ വിമാനത്താവളത്തില്‍ സംഘത്തെ തടഞ്ഞുവയ്ക്കുകയും തുടര്‍ന്ന് മടക്കി അയക്കുകയുമായിരുന്നു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, കെ സി വേണുഗോപാല്‍ ഉള്‍പ്പടെ 12 പേരാണ് രാഹുലിനൊപ്പമുണ്ടായിരുന്നത്. നേതാക്കളുടെ സന്ദര്‍ശനം സമാധാനം പുനസ്ഥാപിക്കാനുള്ള നടപടികളെ ബാധിക്കുമെന്ന് അറിയിച്ചാണ് ജമ്മു കശ്മീര്‍ ഭരണകൂടം പ്രതിപക്ഷസംഘത്തെ തിരിച്ചയച്ചത്. 

Tags:    

Similar News