സാമ്പത്തിക മാന്ദ്യം; ബംഗാളിലെ ഏറ്റവും വലിയ കോഴി ഫാം പൂട്ടി

സാധാരണഗതിയില്‍ ജൂണില്‍ കോഴി വില ഇടിയുക പതിവാണെങ്കിലും ഉത്സവ സീസണ്‍ എത്തുന്നതോടെ വീണ്ടും ഉയരും. എന്നാല്‍, കഴിഞ്ഞ ജൂണില്‍ കിലോയ്ക്ക് 65 രൂപയിലേക്ക് ഇടിഞ്ഞ കോഴിവില ഈ ഉത്സവ സീസണില്‍ കൂടിയില്ല. ഗ്രാമീണ മേഖലയില്‍ നിന്ന് കോഴിയിറച്ചിക്കുള്ള ആവശ്യകത കുറഞ്ഞതാണ് അതിനു കാരണം

Update: 2019-10-30 02:29 GMT

കല്‍ക്കത്ത: സാമ്പത്തിക മാന്ദ്യം കൂടുതല്‍ മേഖലകളിലേക്കു വ്യാപിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഇറച്ചിക്കോഴി ഉല്‍പ്പാദകരായ ആരംബാഗ് ഹാച്ചറി ലിമിറ്റഡിന്റെ പശ്ചിമ ബംഗാളിലെ ഫാം അടച്ചൂപൂട്ടി. ബീര്‍ഭം ജില്ലയിലെ രാജ്‌നഗറിലുള്ള ഫാമാണ് അടച്ചു പൂട്ടിയത്.

സാധാരണഗതിയില്‍ ജൂണില്‍ കോഴി വില ഇടിയുക പതിവാണെങ്കിലും ഉത്സവ സീസണ്‍ എത്തുന്നതോടെ വീണ്ടും ഉയരും. എന്നാല്‍, കഴിഞ്ഞ ജൂണില്‍ കിലോയ്ക്ക് 65 രൂപയിലേക്ക് ഇടിഞ്ഞ കോഴിവില ഈ ഉത്സവ സീസണില്‍ കൂടിയില്ല. ഗ്രാമീണ മേഖലയില്‍ നിന്ന് കോഴിയിറച്ചിക്കുള്ള ആവശ്യകത കുറഞ്ഞതാണ് അതിനു കാരണം- ആരംബാഗ് ഹാച്ചറി മാനേജിംഗ് ഡയറക്ടര്‍ പ്രസണ്‍ റോയി പറഞ്ഞു.

ബംഗാളില്‍ കോഴിയിറച്ചി വില്‍ക്കുന്നതിന്റെ 65 ശതമാനവും വാങ്ങുന്നത് ഗ്രാമീണ മേഖലയിലുള്ളവരാണ്. ജീവനുള്ള കോഴിയുടെയും കോഴിയിറച്ചിയുടെയും ആവശ്യകതയില്‍ കുറവുണ്ടായതായും പ്രസണ്‍ റോയി പറഞ്ഞു.

കോഴിക്ക് വേണ്ടി തീറ്റയായി ഉപയോഗിക്കുന്ന ചോളമടക്കമുള്ളവയുടെ വിലക്കയറ്റം കോഴി വിപണിയെ ബാധിച്ചു. ഖാരിഫ് സീസണിലെ വിളവെടുപ്പ് കഴിയുന്നതോടെ വിപണിയില്‍ ചോളത്തിന്റെ ലഭ്യത വര്‍ധിക്കുമെന്നാണ് ആരംബാഗ് ഹാച്ചറി കണക്കുകൂട്ടുന്നത്. കോഴിത്തീറ്റയുടെ ചെലവ് കുറയ്ക്കാനായാല്‍ പൂട്ടിയ സ്ഥാപനം തുറക്കാന്‍ കഴിയുമെന്നുമാണ് ആരാംബാഗിന്റെ കണക്കുകൂട്ടല്‍.

അതേസമയം, കമ്പനിയുടെ ഹാച്ചറി അടച്ചുപൂട്ടാന്‍ കാരണം രാജ്യത്തെ സാമ്പത്തിക മാന്ദ്യമാണെന്ന് സിപിഐഎമ്മിന്റെ തൊഴിലാളി സംഘടനയായ സിഐടിയു ആരോപിച്ചു. കമ്പനിയില്‍ ഒക്ടോബര്‍ 21നു തൊഴിലാളികള്‍ പ്രതിഷേധ സമരം നടത്തിയതായും സിഐടിയു വക്താക്കള്‍ പറഞ്ഞു. ഹാച്ചറി അടച്ചുപൂട്ടാനുള്ള തീരുമാനം ഞെട്ടിക്കുന്നതായിരുന്നെന്നും തൊഴിലാളികളുടെ കുടുംബങ്ങള്‍ ഇപ്പോള്‍ വലിയ പ്രതിസന്ധിയിലാണെന്നും തൊഴിലാളികള്‍ പറയുന്നു. ഇതുവരെ തൊഴിലാളികളുടെ ശമ്പള കുടിശ്ശിക നല്‍കാന്‍ കമ്പനി തയ്യാറായിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. 

Tags:    

Similar News