വയനാട് സീറ്റില്‍ കാലിടറി കോണ്‍ഗ്രസ്; ഇന്ന് ഡല്‍ഹിയില്‍ വീണ്ടും തിരക്കിട്ട ചര്‍ച്ചകള്‍

വയനാട് സീറ്റ് സംബന്ധിച്ച് എ, ഐ ഗ്രൂപ്പുകള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാതെ വന്നതോടെയാണ് സ്ഥാനാര്‍ഥി നിര്‍ണയം അനിശ്ചിതത്വത്തിലായത്. വയനാട്ടില്‍ ആര് വേണമെന്ന് നിശ്ചയിക്കാനാവാത്തതിനാല്‍ വടകര, ആലപ്പുഴ, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ തീരുമാനവും നീളുകയാണ്. ഗ്രൂപ്പുകള്‍ തമ്മില്‍ അഭിപ്രായസമന്വയമുണ്ടാക്കി നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ് നേതൃത്വം. കേരളത്തിലെ നേതാക്കളുമായി രാഹുല്‍ഗാന്ധി ഇന്ന് രാവിലെ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും.

Update: 2019-03-18 03:41 GMT

ന്യൂഡല്‍ഹി: വയനാട് സീറ്റിലെ സ്ഥാനാര്‍ഥിയെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കുന്നതിനായി ഇന്ന് ഡല്‍ഹിയില്‍ വീണ്ടും തിരക്കിട്ട ചര്‍ച്ചകള്‍ നടക്കും. വയനാട് സീറ്റ് സംബന്ധിച്ച് എ, ഐ ഗ്രൂപ്പുകള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാതെ വന്നതോടെയാണ് സ്ഥാനാര്‍ഥി നിര്‍ണയം അനിശ്ചിതത്വത്തിലായത്. വയനാട്ടില്‍ ആര് വേണമെന്ന് നിശ്ചയിക്കാനാവാത്തതിനാല്‍ വടകര, ആലപ്പുഴ, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ തീരുമാനവും നീളുകയാണ്. ഗ്രൂപ്പുകള്‍ തമ്മില്‍ അഭിപ്രായസമന്വയമുണ്ടാക്കി നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ് നേതൃത്വം. കേരളത്തിലെ നേതാക്കളുമായി രാഹുല്‍ഗാന്ധി ഇന്ന് രാവിലെ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും.

ദേശീയ നേതൃത്വത്തിന്റെ ആവശ്യപ്രകാരം ചര്‍ച്ചകള്‍ക്കായി ഉമ്മന്‍ചാണ്ടിയും ഡല്‍ഹിയിലെത്തിയിട്ടുണ്ട്. വയനാട് ടി സിദ്ദീഖിന് നല്‍കണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടി ഉറച്ചുനില്‍ക്കുകയാണ്. ഷാനിമോള്‍ ഉസ്മാന്‍, കെ പി അബ്ദുല്‍ മജീദ്, പി എം നിയാസ് എന്നിവരിലാരെയെങ്കിലും നിര്‍ത്തണമെന്നാണ് ചെന്നിത്തലയുടെ നിലപാട്. വി വി പ്രകാശിന്റെ പേരും സമവായസ്ഥാനാര്‍ഥിയായി പരിഗണിക്കുന്നുണ്ട്. സീറ്റ് എ ഗ്രൂപ്പിന് വിട്ടുകൊടുക്കാനാവില്ലെന്ന നിലപാടില്‍ രമേശ് ചെന്നിത്തലയും തുടരുകയാണ്. തീരുമാനം വൈകുന്നതില്‍ ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ട്. ഇതെത്തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടിയെ വിളിപ്പിച്ചത്.

തിങ്കളാഴ്ച കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, കെ സി വേണുഗോപാല്‍ എന്നിവര്‍ മൂന്നു നേതാക്കളുമായും ചര്‍ച്ച നടത്തും. തുടര്‍ന്നാണ് രാഹുലിനെ കാണുക. ആലപ്പുഴയില്‍ എ എ ഷുക്കൂര്‍, ഷാനിമോള്‍ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഷാനിമോള്‍ക്ക് വയനാട് നല്‍കുകയാണെങ്കില്‍ ടി സിദ്ദിഖിന് ആലപ്പുഴ എന്ന ഫോര്‍മുലയും മുന്നോട്ടുവയ്ക്കുന്നുണ്ട്. എന്നാല്‍, എ ഗ്രൂപ്പ് ഈ വാഗ്ദാനം തള്ളി. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനു മാത്രമാണ് സാധ്യത. അദ്ദേഹത്തെ ആലപ്പുഴയിലേക്കും പരിഗണിച്ചിരുന്നെങ്കിലും ആറ്റിങ്ങലില്‍ അടൂരിനാണ് വിജയസാധ്യത കൂടുതലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

വടകരയില്‍ സാമുദായിക സമവാക്യവും ഊര്‍ജസ്വലതയും കോഴിക്കോട് കൗണ്‍സിലറെന്നനിലയിലുള്ള പ്രകടനവും ഒക്കെ പരിഗണിച്ചാണ് വിദ്യാ ബാലകൃഷ്ണന്റെ പേര് ഉയര്‍ന്നുവന്നത്. ഇക്കാര്യത്തില്‍ വലിയ എതിര്‍പ്പ് ആരും ശനിയാഴ്ചത്തെ സ്‌ക്രീനിങ് കമ്മിറ്റിയില്‍ ഉയര്‍ത്താതിരുന്നതോടെ അവര്‍ പട്ടികയില്‍ ഇടംപിടിക്കുകയായിരുന്നു. എന്നാല്‍, വടകരയില്‍ സിപിഎം സ്ഥാനാര്‍ഥി പി ജയരാജനെതിരേ രാഷ്ട്രീയപോരാട്ടം നടത്താന്‍ വിദ്യയ്ക്കാവുമോ എന്ന ആശങ്ക ഉയര്‍ന്നതോടെയാണ് പ്രഖ്യാപനം മാറ്റിവച്ചത്. വടകരയില്‍ വിദ്യാബാലകൃഷ്ണന് പകരം ബിന്ദു കൃഷ്ണയെ സ്ഥാനാര്‍ഥിയാക്കാനുള്ള ആലോചന നേതാക്കള്‍ നടത്തിയെങ്കിലും പിന്നീട് ഉപേക്ഷിച്ചു. മല്‍സരിക്കാന്‍ താല്‍പര്യമില്ലെന്ന് ബിന്ദു കൃഷ്ണ ഡല്‍ഹിയിലെത്തി അറിയിക്കുകയായിരുന്നു. വടകരയില്‍ മല്‍സരിക്കണമെന്ന ആവശ്യത്തില്‍ ടി സിദ്ദീഖും വഴങ്ങാത്തത് നേതൃത്വത്തെ കുഴയ്ക്കുകയാണ്. 

Tags:    

Similar News