വരുണ്‍ ഗാന്ധി കോണ്‍ഗ്രസില്‍ ചേരുമോ; രാഹുലിന്റെ മറുപടി ഇങ്ങനെ
പ്രിയങ്കാ ഗാന്ധിയെ രാഷ്ട്രീയത്തിലിറക്കിയതിന് പിന്നാലെ രാഹുല്‍ പിതൃസഹോദര പുത്രനായ വരുണിനെ കോണ്‍ഗ്രസിലെത്തിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ഭുവനേശ്വര്‍: ബിജെപി നേതാവ് വരുണ്‍ ഗാന്ധി കോണ്‍ഗ്രസില്‍ ചേരുന്നത് സംബന്ധിച്ചുള്ള ഊഹാപോഹങ്ങളെക്കുറിച്ച് തനിക്കറിയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രിയങ്കാ ഗാന്ധിയെ രാഷ്ട്രീയത്തിലിറക്കിയതിന് പിന്നാലെ രാഹുല്‍ പിതൃസഹോദര പുത്രനായ വരുണിനെ കോണ്‍ഗ്രസിലെത്തിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
വരുണ്‍ ഗാന്ധി കോണ്‍ഗ്രസില്‍ ചേരുമെന്നും നെഹ്‌റു കുടുംബം വീണ്ടും ഒന്നിക്കുമെന്നുമുള്ള വാര്‍ത്ത പ്രചരിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അത്തരത്തിലുള്ള ഒന്നും താന്‍ കേട്ടിട്ടില്ലെന്നായിരുന്നു രാഹുലിന്റെ മറുപടി. നിലവില്‍ യുപിയിലെ സുല്‍ത്താന്‍പുരില്‍ നിന്നുള്ള ബിജെപിയുടെ ലോക്‌സഭാ എംപിയാണ് വരുണ്‍ ഗാന്ധി.
അടുത്തകാലത്തായി ബിജെപി വേദികളില്‍ കാര്യമായ ഇടംലഭിക്കാതിരുന്നതും വരുണ്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന പ്രചാരണത്തിന് ആക്കം കൂട്ടി. വരുണിന്റെ അമ്മ മേനകാ ഗാന്ധി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രിയുമാണ്.