അഞ്ച് നഗരങ്ങളില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ യുപി സര്‍ക്കാര്‍ സുപ്രിംകോടതിയിലേക്ക്

Update: 2021-04-20 05:38 GMT

ലഖ്‌നോ: കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിലെ അഞ്ച് നഗരങ്ങളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരേ യുപി സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കുന്നു. കൊവിഡ് കേസുകളുടെ എണ്ണം അനുദിനം വര്‍ധിക്കുന്നത് കണക്കിലെടുത്താണ് ഏപ്രില്‍ 26ന് അര്‍ധരാത്രി മുതല്‍ ലഖ്‌നോ, പ്രയാഗ്‌രാജ്, വാരാണസി, കാണ്‍പൂര്‍, ഗോരഖ്പൂര്‍ എന്നീ അഞ്ച് നഗരങ്ങള്‍ പൂട്ടിയിടണമെന്നാണ് അലഹബാദ് ഹൈക്കോടതി നിര്‍ദേശിച്ചത്.

എന്നാല്‍, ഈ ഉത്തരവ് പാലിക്കാന്‍ കഴിയില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തിങ്കളാഴ്ച വൈകീട്ട് തീരുമാനമെടുത്തതിന് പിന്നാലെയാണ് സുപ്രിംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. കൊവിഡ് വ്യാപനം തടയുന്നതില്‍ സംസ്ഥാനത്തിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര ഇടപെടലുകളുണ്ടാവാത്ത സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഹൈക്കോടതി ഉത്തരവിട്ടത്.

സംസ്ഥാനത്തൊട്ടാകെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ധനകാര്യസ്ഥാപനങ്ങള്‍, മെഡിക്കല്‍ അല്ലെങ്കില്‍ ആരോഗ്യ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന വ്യാവസായിക, ശാസ്ത്ര സ്ഥാപനങ്ങള്‍, മുനിസിപ്പല്‍ പ്രവര്‍ത്തനങ്ങള്‍, പൊതുഗതാഗതം തുടങ്ങിയ അവശ്യ സേവനങ്ങള്‍ ഒഴികെയുള്ള എല്ലാ സര്‍ക്കാര്‍, സ്വകാര്യ ഓഫിസുകളും അടച്ചിടാനും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

ലോക്ക് ഡൗണ്‍ കാലയളവില്‍ വിവാഹച്ചടങ്ങുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ പരിപാടികളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും. ഇതിനകം നിശ്ചയിച്ച വിവാഹങ്ങളെ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിന് ജില്ലാ മജിസ്‌ട്രേറ്റിന്റെ അനുമതി തേടണമെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.

Tags: