മുംബൈയില്‍ നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്ന് വീണു; 14 പേര്‍ക്ക് പരിക്ക്

Update: 2021-09-17 03:58 GMT

മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയില്‍ നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്ന് വീണ് 14 പേര്‍ക്ക് പരിക്കേറ്റു. മുംബൈ ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 4.40 ഓടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ എല്ലാവരെയും രക്ഷപ്പെടുത്തി വിഎന്‍ ദേശായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണും ആരോഗ്യനില തൃപ്തികരമാണെന്നും ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്റെ (ബിഎംസി) ദുരന്തനിവാരണ സെല്‍ പറഞ്ഞു.

തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ബികെസി മെയിന്‍ റോഡിനെയും സാന്താക്രൂസ്- ചെമ്പൂര്‍ ലിങ്ക് റോഡിനെയും ബന്ധിപ്പിക്കുന്ന നിര്‍മാണത്തിലിരുന്ന പാലത്തിന്റെ ഒരുഭാഗമാണ് തകര്‍ന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടോയെന്ന് അഗ്‌നിശമനസേനയും പോലിസും പരിശോധന നടത്തിയതായി ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ മഞ്ജുനാഥ് സിംഗെ പറഞ്ഞു. മുംബൈ മെട്രോപൊളിറ്റന്‍ റീജ്യന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (MMRDA) ആണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരുന്നത്.

Tags:    

Similar News