ഗുജറാത്ത് രാജ്യസഭാ ഉപതിരഞ്ഞെടുപ്പ്: സുപ്രിംകോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി

ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രിംകോടതി കമ്മീഷനോട് നോട്ടീസ് അയച്ചിട്ടുണ്ട്. ബിജെപി അധ്യക്ഷന്‍ അമിത്ഷായും സ്മൃതി ഇറാനിയും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ഗുജറാത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Update: 2019-06-19 10:13 GMT

ന്യൂഡല്‍ഹി: ഗുജറാത്തില്‍ ഒഴിവുവന്ന രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് രണ്ടുഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്തുന്നതിനെതിരേ കോണ്‍ഗ്രസ് നല്‍കിയ ഹരജിയില്‍ സുപ്രിംകോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രിംകോടതി കമ്മീഷനോട് നോട്ടീസ് അയച്ചിട്ടുണ്ട്. ബിജെപി അധ്യക്ഷന്‍ അമിത്ഷായും സ്മൃതി ഇറാനിയും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ഗുജറാത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

ഒഴിവുവന്ന രാജ്യസഭാ സീറ്റുകളിലേക്ക് ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഗുജറാത്ത് നിയമസഭാ കക്ഷി നേതാവ് പരേഷ്ഭായി ധനാനി നല്‍കിയ ഹരജിയിലാണ് ജൂണ്‍ 24ന് കമ്മീഷന്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്ന് സുപ്രിംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. 24ന് ഹരജി വീണ്ടും സുപ്രിംകോടതി പരിഗണിക്കും. ജൂലൈ അഞ്ചിനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗുജറാത്തിലെ രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്.

രണ്ട് സീറ്റുകളിലേക്ക് രണ്ടുഘട്ടമായി തിരഞ്ഞെടുപ്പ് നടത്തരുതെന്ന കോണ്‍ഗ്രസിന്റെ ആവശ്യം കമ്മീഷന്‍ നിരസിക്കുകയായിരുന്നു. തുടര്‍ന്നാണ് കോണ്‍ഗ്രസ് സുപ്രിംകോടതിയെ സമീപിച്ചത്. രണ്ട് ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തുന്നത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് ഹരജിയില്‍ ആരോപിക്കുന്നു. ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണ്. രണ്ട് സീറ്റുകളും പിടിച്ചെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പ്രത്യേകമായി തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനമെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. 

Tags:    

Similar News