ത്രിച്ചി: ഗ്ലാസ് മോഷ്ടിച്ച പോലിസ് കോണ്‍സ്റ്റബിളും ഹോം ഗാര്‍ഡും പിടിയില്‍. സിസിടിവിയാണ് രണ്ടു പേരെയും കുടുക്കിയത്. തമിഴ്നാട് പുതുക്കോട്ട ജില്ലയിലെ മെര്പ്പനയ്ക്കാടാണ് സംഭവം.
സൗജന്യ കുടിവെള്ള വിതരണത്തിനായി പ്രദേശത്തെ യുവാക്കള്‍ പള്ളിക്ക് സമീപം കൂജയും വെള്ളി ഗ്ലാസും സ്ഥാപിച്ചിരുന്നു. ഈ ഗ്ലാസ് കീരമംഗലം പോലിസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ അയ്യപ്പനും ഹോം ഗാര്‍ഡ് ആയ വടിവഴഗനും പട്രോളിങിനിടെ മോഷ്ടിച്ചത്. ബൈക്കിലെത്തിയ അയ്യപ്പന്റെ നിര്‍ദേശപ്രകാരം വടിവഴഗന് കൂജയ്ക്ക് മുകളിലുള്ളഗ്ലാസ് എടുത്ത് ഇരുവരും ബൈക്കില്‍ സ്ഥലം വിടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കൂജയും വെള്ളി ഗ്ലാസും സ്ഥാപിച്ചതിനു പിറ്റേ ദിവസം രാവിലെ ആകുമ്പോഴേക്കും ഗ്ലാസ് മോഷണം പോയി. തുടര്‍ന്ന് വീണ്ടും ഗ്ലാസ് വച്ചെങ്കിലും അതും മോഷണം പോയി. ഗ്ലാസ് മോഷണം പതിവായതോടെ യുവാക്കള്‍ മോഷ്ടാവിനെ കുടുക്കാന്‍ സിസിടിവി സ്ഥാപിക്കുകയായിരുന്നു. ഈ സിസിടിവിയിലാണ് ശനിയാഴ്ച രാത്രി ഗ്ലാസ് മോഷ്ടിക്കുന്ന പോലിസുകാര്‍ കുടുങ്ങിയത്.
മദ്യപിക്കാന്‍ വേണ്ടിയാണ് പോലിസുകാര്‍ ഗ്ലാസ് മോഷ്ടിച്ചതെന്ന് പിന്നീട് തെളിഞ്ഞു. യുവാക്കളുടെ പരാതിയെ തുടര്‍ന്ന് അയ്യപ്പനെ സ്ഥലം മാറ്റുകയും ചെയ്തു.