കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Update: 2026-03-27 09:08 GMT

ന്യൂഡല്‍ഹി: കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര ആരോഗ്യ സഹമന്ത്രി പ്രതാപ് റാവു ജാഥവാണ് മറുപടി നല്‍കിയത്. എയിംസിന് സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തിലും തീരുമാനമായില്ലെന്നും മന്ത്രി വ്യക്തമാക്കി.

നേരത്തേ കേരളത്തിലെ എയിംസിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പല രീതിയിലുള്ള തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. കേരളത്തില്‍ എയിംസ് ഉടന്‍ അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പലതവണ പറഞ്ഞിരുന്നു. ഇതിനിടെയാണ് എയിംസ് വരുമോ എന്ന കാര്യത്തില്‍ തന്നെ ആശങ്കയുണ്ടാക്കുന്ന രീതിയില്‍ കേന്ദ്രത്തില്‍ നിന്നും പ്രതികരണം വരുന്നത്.

2016ല്‍ കോഴിക്കോട് കിനാലൂര്‍, തിരുവനന്തപുരം കാട്ടാക്കട, കോട്ടയം, എറണാകുളം എന്നിവിടങ്ങളില്‍ ഉള്‍പ്പെടുത്തി എയിംസ് സ്ഥാപിക്കാന്‍ കേരളം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും 2025ല്‍ കോഴിക്കോട് കിനാലൂരില്‍ ഭൂമി കണ്ടെത്തിയതായി അറിയിച്ചിട്ടുണ്ടെന്നും മറുപടിയില്‍ കേന്ദ്രം സൂചിപ്പിച്ചു. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ക്ക് നിലവില്‍ അംഗീകാരം നല്‍കിയിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

കേരളത്തില്‍ എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഹൈക്കോടതിയില്‍ മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം വീണ്ടും സാവകാശം തേടിയിരുന്നു. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി 22 എയിംസ് അനുവദിച്ചപ്പോള്‍ കേരളത്തെ മാത്രം ഒഴിവാക്കാന്‍ സ്വീകരിച്ച മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കാന്‍ ഹൈക്കോടതി നേരത്തേ ചോദിച്ചിരുന്നു. സാമ്പത്തിക വര്‍ഷം അവസാനമായതുകൊണ്ട് ധനകാര്യ വകുപ്പില്‍ നിന്ന് വിശദീകരണം കിട്ടിയിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ മുഖേനെ കോടതിയില്‍ അറിയിച്ചിരിക്കുന്നത്. മറുപടി നല്‍കാന്‍ ഏപ്രില്‍ 10വരെ ഹൈക്കോടതി സമയം അനുവദിച്ചിട്ടുണ്ട്.

Tags: