അസമിലെ പൗരത്വ രജിസ്റ്റര്‍: പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി സുപ്രിംകോടതി നീട്ടിനല്‍കണമെന്ന് പോപുലര്‍ ഫ്രണ്ട്

പൗരത്വരജിസ്റ്ററിനെതിരേ പരാതിയുള്ളവര്‍ക്ക് ജൂലൈ 31 വരെ നിര്‍ദിഷ്ട കോടതികളില്‍ വാദഗതികള്‍ നിരത്താമെന്നായിരുന്നു സുപ്രിംകോടതി അറിയിച്ചിരുന്നത്. എന്നാല്‍, നടപടിക്രമങ്ങളിലുണ്ടായ വീഴ്ചമൂലം പലര്‍ക്കും ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ ഇതുവരെയായും നല്‍കാനായിട്ടില്ല. ഇതോടെ ജനിച്ചുവളര്‍ന്ന രാജ്യത്ത് പതിനായിരക്കണക്കിനാളുകള്‍ക്ക് പൗരാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന അവസ്ഥയാണുണ്ടായിരിക്കുന്നത്.

Update: 2019-06-18 12:16 GMT

ന്യൂഡല്‍ഹി: അസമില്‍ ദേശീയ പൗരത്വരജിസ്റ്ററില്‍ (എന്‍ആര്‍സി) നിന്ന് പുറത്താക്കപ്പെട്ടവര്‍ക്ക് പരാതികളും വാദങ്ങളും സമര്‍പ്പിക്കുന്നതിന് സുപ്രിംകോടതി നല്‍കിയ സമയപരിധിയി നീട്ടിനല്‍കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ നിര്‍വാഹക സമിതി യോഗം പ്രമേയത്തിലൂടെ അഭ്യര്‍ഥിച്ചു. പൗരത്വരജിസ്റ്ററിനെതിരേ പരാതിയുള്ളവര്‍ക്ക് ജൂലൈ 31 വരെ നിര്‍ദിഷ്ട കോടതികളില്‍ വാദഗതികള്‍ നിരത്താമെന്നായിരുന്നു സുപ്രിംകോടതി അറിയിച്ചിരുന്നത്. എന്നാല്‍, നടപടിക്രമങ്ങളിലുണ്ടായ വീഴ്ചമൂലം പലര്‍ക്കും ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ ഇതുവരെയായും നല്‍കാനായിട്ടില്ല. ഇതോടെ ജനിച്ചുവളര്‍ന്ന രാജ്യത്ത് പതിനായിരക്കണക്കിനാളുകള്‍ക്ക് പൗരാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന അവസ്ഥയാണുണ്ടായിരിക്കുന്നത്.

നിലവിലെ സാഹചര്യങ്ങള്‍ ഗൗരവമായി പരിഗണിച്ച് നടപടിക്രമങ്ങള്‍ സുഗമമായി പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കാന്‍ കോടതി തയ്യാറാവണം. ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കാനുള്ള ശ്രമങ്ങളെ യോഗം ശക്തമായി എതിര്‍ത്തു. പൗരത്വരജിസ്റ്ററിന്റെ പേരില്‍ അസമിലുണ്ടായ അവസ്ഥ മറ്റെല്ലാ സംസ്ഥാനങ്ങളിലുമുണ്ടാക്കണമെന്ന ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ നീക്കമാണ് ഇതിന് പിന്നില്‍. പല്ലും നഖവുമുപയോഗിച്ച് ഇതിനെ എതിര്‍ത്തില്ലെങ്കില്‍ രാജ്യത്ത് സംഘര്‍ഷഭരിതമായ അന്തരീക്ഷമുണ്ടാവും. അതുകൊണ്ട് വിവാദമായ പൗരത്വഭേദഗതി ബില്ലും ദേശീയ പൗരത്വ രജിസ്റ്ററും രാജ്യത്ത് നടപ്പില്‍ വരുത്താനുള്ള നീക്കം പരാജയപ്പെടുത്തുന്നതിന് എല്ലാ പൗരന്‍മാരും രാഷ്ട്രീയപ്പാര്‍ട്ടികളും രംഗത്തുവരണമെന്ന് യോഗം ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ പല ഭാഗത്തും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ദുരൂഹസംഘങ്ങള്‍ക്കെതിരേ മുസ്‌ലിം യുവാക്കള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് മറ്റൊരു പ്രമേയത്തിലൂടെ നിര്‍വാഹകസമിതി മുന്നറിയിപ്പ് നല്‍കി. സാമൂഹിക മാധ്യമങ്ങള്‍വഴിയും മറ്റുമാണ് ഇത്തരം സംഘങ്ങള്‍ മുസ്‌ലിം യുവാക്കളെ വശീകരിക്കുന്നത്. വകതിരിവില്ലാത്തതും ബുദ്ധിശൂന്യവുമായ ഇത്തരം അക്രമപ്രവര്‍ത്തനങ്ങള്‍ ഇസ്‌ലാമിന്റെ യഥാര്‍ഥ തത്വങ്ങള്‍ക്ക് പൂര്‍ണമായും എതിരാണ്. ജനാധിപത്യവും ബഹുസ്വരതയുമുള്ള ഒരു സമൂഹത്തിന് ഇത്തരം പ്രവൃത്തികളെ അംഗീകരിച്ചുകൊടുക്കാനാവില്ല. പോപുലര്‍ ഫ്രണ്ട് നേരത്തെ തന്നെ ഇത്തരം ദുരൂഹശക്തികളുടെ അപകടം തിരിച്ചറിയുകയും പൊതുസമൂഹത്തെ ബോധവല്‍ക്കരിക്കുകയും ചെയ്തിരുന്നതാണ്. ഇത്തരം ഗ്രൂപ്പുകളുടെ വലയില്‍ വീഴരുതെന്ന് വിവിധ ഘട്ടങ്ങളിലായി പൊതുസമൂഹത്തിന് മുന്നറിയിപ്പും നല്‍കിയിരുന്നു.

പുതുതായി പുറത്തുവരുന്ന റിപോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ യുവാക്കള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ഫലസ്തീന്‍ വിഷയത്തില്‍ ഇസ്രയേലിനെ അനുകൂലിച്ച് യുഎന്‍ എക്കണോമിക് ആന്റ് സോഷ്യല്‍ കൗണ്‍സിലില്‍ വോട്ടുചെയ്യാനുള്ള ഇന്ത്യയുടെ തീരുമാനത്തെ യോഗം രൂക്ഷമായി വിമര്‍ശിച്ചു. ഫലസ്തീന്‍ ഭൂമിയില്‍ ഇസ്രയേലിന്റെ കടന്നുകയറ്റത്തെ ഇന്ത്യ തുടക്കം മുതല്‍ എതിര്‍ത്തിരുന്നതാണ്. ഫലസ്തീന്‍ ജനതയുടെ നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തെ ഇന്ത്യ എക്കാലത്തും പിന്തുണയ്ക്കുകയാണ് ചെയ്തിട്ടുള്ളതെന്നും യോഗം ചൂണ്ടിക്കാട്ടി. ചെയര്‍മാന്‍ ഇ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം മുഹമ്മദലി ജിന്ന, വൈസ് ചെയര്‍മാന്‍ ഒഎംഎ സലാം, സെക്രട്ടറിമാരായ അബ്ദുല്‍ വാഹിദ് സേട്ട്, അനീസ് അഹമ്മദ്, മറ്റ് കൗണ്‍സില്‍ അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു.

Tags:    

Similar News