ബംഗളൂരു സൗത്തില്‍ തേജസ്വി; പ്രതിഷേധവുമായി മുന്‍ കേന്ദ്രമന്ത്രിയുടെ ഭാര്യ

അനന്ത് കുമാറിന്റെ മരണത്തിനു പിന്നാലെ തേജസ്വിനിയെ സ്ഥാനാര്‍ഥിയാക്കണമെന്നു കര്‍ണാടക അധ്യക്ഷന്‍ ബി എസ് യെദ്യൂരപ്പ ദേശീയനേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു

Update: 2019-03-26 11:18 GMT

ബംഗളൂരു: ദക്ഷിണേന്ത്യയില്‍ നിന്ന് മോദി മല്‍സരിക്കുമെന്ന് പ്രചാരണമുണ്ടായിരുന്ന ബംഗളൂരു സൗത്ത് മണ്ഡലത്തില്‍ മോദിക്കു പകരം തേജസ്വി സൂര്യയുടെ പേര് സ്ഥാനാര്‍ഥി ലിസ്റ്റില്‍ ഇടംപിടിച്ചതോടെ പ്രതിഷേധവുമായി മുന്‍ കേന്ദ്രമന്ത്രി അനന്ത് കുമാറിന്റെ ഭാര്യ. പ്രവര്‍ത്തകര്‍ക്കും എനിക്കും ഞെട്ടലുണ്ടാക്കിയ തീരുമാനമാണിത് എന്നാണു തേജസ്വി സൂര്യയുടെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് അനന്ത് കുമാറിന്റെ ഭാര്യ തേജസ്വിനി പ്രതികരിച്ചത്. കഴിഞ്ഞ വര്‍ഷം അനന്ത്കുമാറിന്റെ മരണശേഷം ഒഴിഞ്ഞുകിടന്നിരുന്ന മണ്ഡലത്തില്‍ മോദി മല്‍സരിക്കുമെന്നായിരുന്നു അഭ്യൂഹം. അനന്ത് കുമാറിന്റെ മരണത്തിനു പിന്നാലെ തേജസ്വിനിയെ സ്ഥാനാര്‍ഥിയാക്കണമെന്നു കര്‍ണാടക അധ്യക്ഷന്‍ ബി എസ് യെദ്യൂരപ്പ ദേശീയനേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, ഈ മണ്ഡലത്തില്‍ 28കാരനായ അഭിഭാഷകന്‍ തേജസ്വി സൂര്യയെയാണ് നിര്‍ത്തിയത്. അനന്ത്കുമാറിനെ അഞ്ചുതവണ പാര്‍ലിമെന്റിലെത്തിച്ച മണ്ഡലത്തില്‍ അവഗണിച്ചതിനെതിരേ പരസ്യപ്രതികരണമാണു അദ്ദേഹത്തിന്റെ ഭാര്യ നടത്തിയത്. ഇത് വരുംദിവസങ്ങളില്‍ ബിജെപിയില്‍ പൊട്ടിത്തെറിക്കു കാരണമാക്കിയേക്കും. അതേസമയം, കൂടുതല്‍ വിവാദങ്ങളിലേക്കു കടക്കാതിരിക്കാനും തേജസ്വിനി ശ്രദ്ധിച്ചു. പക്വത കാണിക്കണമെന്ന് ഞാന്‍ എന്നോട് തന്നെ പറഞ്ഞിരിക്കുകയാണ്. പാര്‍ട്ടി തീരുമാനത്തിനൊപ്പം നില്‍ക്കും. ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങുന്നില്ല. ആദ്യം രാജ്യം, പാര്‍ട്ടി രണ്ടാമത്, അവസാനം മാത്രമാണ് വ്യക്തി താല്‍പര്യം എന്നതായിരുന്നു എന്റെ ഭര്‍ത്താവിന്റെ ആദര്‍ശം. അതില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നുവെന്നും തേജസ്വിനി പറഞ്ഞു.




Tags: