ശാരദ ചിട്ടിഫണ്ട്: നളിനി ചിദംബരത്തിനെതിരേ സിബിഐയുടെ കുറ്റപത്രം

കൊല്‍ക്കത്തയിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

Update: 2019-01-11 15:24 GMT

ന്യൂഡല്‍ഹി: ബംഗാളിലെ ശാരദ ചിട്ടിഫണ്ട് തട്ടിപ്പുകേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരത്തിന്റെ ഭാര്യയും ശാരദ ഗ്രൂപ്പിന്റെ അഭിഭാഷകയുമായിരുന്ന നളിനി ചിദംബരത്തിനെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. കൊല്‍ക്കത്തയിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ശാരദ കമ്പനി ഉടമസ്ഥന്‍ സുദീപ്‌തോ സെന്നുമായി ക്രിമിനല്‍ ഗൂഢാലോചന നടത്തി, കമ്പനിയുടെ ഫണ്ട് തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്നിവയാണ് നളിനിക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. ശാരദാ കമ്പനിക്കുവേണ്ടി കോടതിയില്‍ ഹാജരാവാന്‍ 1.4 കോടി രൂപ ഫീസ് വാങ്ങിയതുമായി ബന്ധപ്പെട്ടാണു നളിനിക്കെതിരേ കേസെടുത്തത്. മുന്‍ കേന്ദ്രമന്ത്രി മാതംഗ് സിങ്ങിന്റെ മുന്‍ ഭാര്യ മനോരഞ്ജന്‍ സിങ്ങാണ് നളിനിയെ സുദീപ്ത സെന്നിനു പിരിചയപ്പെടുത്തിയത്.

അന്വേഷണ ഏജന്‍സികളായ എസ്ഇബിഐ (സെബി), രജിസ്ട്രാര്‍ ഓഫ് കമ്പനിസ് (ആര്‍ഒസി) തുടങ്ങിയവയുടെ അന്വേഷണങ്ങളില്‍നിന്നും രക്ഷപ്പെടുത്തുന്നതിനാണ് നളിനി ചിദംബരം 1.4 കോടി രൂപ വാങ്ങിയതെന്നും 2010- 12 കാലയളവിലാണ് പണം കൈപ്പറ്റിയതെന്നും കുറ്റപത്രത്തില്‍ സിബിഐ പറയുന്നു. അതേസമയം, പി ചിദംബരവും മകന്‍ കാര്‍ത്തി ചിദംബരവും ഉള്‍പ്പെട്ട എയര്‍സെല്‍ മാക്‌സിസ് അഴിമതിക്കേസില്‍ വാദം തുടങ്ങുന്നത് ഫെബ്രുവരി ഒന്നുവരെ നീട്ടി ഡല്‍ഹി പട്യാല കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഇരുവര്‍ക്കും അനുവദിച്ച ഇടക്കാല ജാമ്യവും ഫെബ്രുവരി ഒന്നുവരെ നീട്ടി.

Tags:    

Similar News