എസ്‌സി, എസ്ടി ഭേദഗതി നിയമം: സുപ്രിംകോടതി അടുത്തമാസം 26 മുതല്‍ വാദം കേള്‍ക്കും

ജസ്റ്റിസുമാരായ യു യു ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്. എസ്‌സി, എസ്ടി (അതിക്രമം തടയല്‍) നിയമത്തില്‍ സുപ്രിംകോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളും ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികളും ഇത് മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ചോദ്യം ചെയ്തുകൊണ്ടുള്ള രണ്ടുകൂട്ടം ഹരജികളുമാണ് സുപ്രിംകോടതി ഒരുമിച്ച് പരിഗണിക്കുന്നത്.

Update: 2019-02-19 15:06 GMT

ന്യൂഡല്‍ഹി: എസ്‌സി, എസ്ടി (അതിക്രമം തടയല്‍) ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പുനപ്പരിശോധനാ ഹരജികള്‍ സുപ്രിംകോടതി അടുത്തമാസം 26 മുതല്‍ വാദം കേള്‍ക്കും. ജസ്റ്റിസുമാരായ യു യു ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്. എസ്‌സി, എസ്ടി (അതിക്രമം തടയല്‍) നിയമത്തില്‍ സുപ്രിംകോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളും ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികളും ഇത് മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ചോദ്യം ചെയ്തുകൊണ്ടുള്ള രണ്ടുകൂട്ടം ഹരജികളുമാണ് സുപ്രിംകോടതി ഒരുമിച്ച് പരിഗണിക്കുന്നത്.

വിവിധ കക്ഷികള്‍ക്കുവേണ്ടി ഹാജരാവുന്ന അഭിഭാഷകരായ ഇന്ദിരാ ജെയ്‌സിങ്, മോഹന്‍ പ്രസാരന്‍ എന്നിവരോടും കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരാവുന്ന അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിനോടും വാദങ്ങള്‍ എഴുതിനല്‍കാന്‍ സുപ്രിംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഡോ. സുഭാഷ് കൈഷാന്‍ മാഹജന്‍- മഹാരാഷ്ട്ര സര്‍ക്കാര്‍ കേസില്‍ ജസ്റ്റിസുമാരായ യു യു ലളിത്, എ കെ ഗോയല്‍ എന്നിവര്‍ നിയമത്തിന്‍മേല്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശത്തിനെതിരേ കേന്ദ്രസര്‍ക്കാരാണ് ഒരു ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.

എസ്‌സി, എസ്ടി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളില്‍ അടിയന്തരമായി അറസ്റ്റുചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് മാര്‍ച്ച് 20നാണ് സുപ്രിംകോടതി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്. ഇതെത്തുടര്‍ന്ന് വിവിധ പൗരാവകാശ സംഘടനകളും ദലിത് പ്രസ്ഥാനങ്ങളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ആഗസ്തില്‍ ചേര്‍ന്ന പാര്‍ലമെന്റ് സമ്മേളനം സുപ്രിംകോടതി ഉത്തരവ് മറികടക്കുന്നതിനായുള്ള ബില്ലിന് അംഗീകാരം നല്‍കി. ഈ ഭേദഗതി ചോദ്യം ചെയ്തുകൊണ്ടുള്ളതാണ് മറ്റൊരുകൂട്ടം ഹരജികള്‍. ഇവ രണ്ടും ഒരുമിച്ചാണ് സുപ്രിംകോടതി പരിഗണിക്കുന്നത്.

Tags:    

Similar News