ശരവണ ഭവന്‍ ഉടമയുടെ കീഴടങ്ങല്‍ സമയപരിധി നീട്ടണമെന്ന അപേക്ഷ സുപ്രീംകോടതി തള്ളി

2001ലാണ് പി രാജഗോപാല്‍ ജോല്‍സ്യന്റെ വാക്കുകേട്ട് തൊഴിലാളിയുടെ മകളെ വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടത്

Update: 2019-07-09 07:40 GMT

ന്യൂഡല്‍ഹി: കൊലക്കേസില്‍ കീഴടങ്ങാനുള്ള സമയപരിധി നീട്ടണമെന്ന ശരവണ ഭവന്‍ ഹോട്ടലുകളുടെ ഉടമ പി രാജഗോപാലിന്റെ അപേക്ഷ സുപ്രിംകോടതി തള്ളി. കേസില്‍ രാജഗോപാലിനു നേരത്തേ സുപ്രിംകോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. തൊളിലാളിയുടെ മകളെ വിവാഹം കഴിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നാണു കേസ്. കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട പി രാജഗോപാലിന് പോലിസ് മുമ്പാകെ കീഴടങ്ങാന്‍ സുപ്രിംകോടതി അനുവദിച്ച അവസാന ദിവസം ജൂലൈ ഏഴായിരുന്നു. എന്നാല്‍ ജൂലൈ നാലിന് രാജഗോപാല്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയ്ക്കു പ്രവേശിച്ചു. പിന്നീട് കീഴടങ്ങാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് രാജഗോപാല്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജിയാണ് കോടതി തള്ളിയത്. 2001ലാണ് പി രാജഗോപാല്‍ ജോല്‍സ്യന്റെ വാക്കുകേട്ട് തൊഴിലാളിയുടെ മകളെ വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണു കേസ്. പെണ്‍കുട്ടിയെ വിവാഹം കഴിച്ചാല്‍ എല്ലാ 'ഐശ്വര്യ'ങ്ങളും ഉണ്ടാവുമെന്ന ജ്യോല്‍സ്യന്റെ പ്രവചനമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇതില്‍ രാജഗോപാല്‍ അടക്കമുള്ള അഞ്ച് പ്രതികള്‍ക്കെതിരേ വിചാരണ കോടതി ജീവപര്യന്തം തടവ് വിധിക്കുകയായിരുന്നു. പ്രശസ്ത ഹോട്ടല്‍ ശൃംഖലയായ ശരവന ഭവന് യുഎസ്, യുകെ, ഫ്രാന്‍സ്, ഓസ്‌ട്രേലിയ എന്നിവയുള്‍പ്പെടെ 20 രാജ്യങ്ങളിലായി ഹോട്ടലുകളുണ്ട്.




Tags: