വിമാനയാത്രാ നിരക്ക് നിയന്ത്രിക്കുന്നതിന് എയര്‍ലൈനുകളുടെ യോഗം വിളിക്കും: മുഖ്യമന്ത്രി

സംസ്ഥാനത്തെ എയര്‍പോര്‍ട്ടുകളുടെ സമഗ്രവികസനം സാധദ്ധ്യമാക്കുന്നതിന് ബന്ധപ്പെട്ട ഏജന്‍സികളുടെ യോഗവും തിരുവനന്തപുരത്ത് ചേരും. കേന്ദ്ര ഏവിയേഷന്‍ സെക്രട്ടറി പ്രദീപ് സിങ് ഖരോള കേരള ഹൗസില്‍ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിരക്ക് നിയന്ത്രിക്കുന്നത് സംബന്ധിച്ച് എയര്‍ലൈനുകളുടെ യോഗം വിളിക്കുമെന്ന് അറിയിച്ചത്.

Update: 2019-06-09 09:09 GMT

ന്യൂഡല്‍ഹി: ക്രമാതീതമായി ഉയരുന്ന ആഭ്യന്തര അന്താരാഷ്ട്ര വിമാനയാത്രാ നിരക്ക് നിയന്ത്രിക്കുന്നതിന് എയര്‍ലൈനുകളുടെ യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ എയര്‍പോര്‍ട്ടുകളുടെ സമഗ്രവികസനം സാധദ്ധ്യമാക്കുന്നതിന് ബന്ധപ്പെട്ട ഏജന്‍സികളുടെ യോഗവും തിരുവനന്തപുരത്ത് ചേരും. കേന്ദ്ര ഏവിയേഷന്‍ സെക്രട്ടറി പ്രദീപ് സിങ് ഖരോള കേരള ഹൗസില്‍ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിരക്ക് നിയന്ത്രിക്കുന്നത് സംബന്ധിച്ച് എയര്‍ലൈനുകളുടെ യോഗം വിളിക്കുമെന്ന് അറിയിച്ചത്.

വിമാനനിരക്ക് വര്‍ധനവ് സംബന്ധിച്ച് കേന്ദ്ര ഏവിയേഷന്‍ സെക്രട്ടറിയാണ് എയര്‍ലൈനുകളുടെ യോഗം വിളിക്കുക. എയര്‍പോര്‍ട്ടുകളുടെ വികസനവും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതും സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ജൂലൈ അവസാനത്തോടെ ബന്ധപ്പെട്ട ഏജന്‍സികളുടെ യോഗം തിരുവനന്തപുരത്ത് ചേരാനും തീരുമാനമായി. സംസ്ഥാനത്തെ എല്ലാ എയര്‍പോര്‍ട്ടുകളുടെയും സമഗ്ര വികസനവും അത്യാധുനിക അടിസ്ഥാന സൗകര്യവികസനവുമാണ് ലക്ഷ്യംവയ്ക്കുന്നത്. സംസ്ഥാനത്തെ പ്രധാന ഏവിയേഷന്‍ ഹബായി വികസിപ്പിച്ച് ഏവിയേഷന്‍ വ്യവസായത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുകയാണ് മറ്റൊരു പ്രധാന ലക്ഷ്യം.

കൂടുതല്‍ ഫ്‌ളൈറ്റ് സര്‍വീസുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് എയര്‍ലൈനുകളുടെ എംപാനല്‍ മീറ്റിങ്ങില്‍ ചര്‍ച്ച ചെയ്യുമെന്നും കേന്ദ്ര ഏവിയേഷന്‍ സെക്രട്ടറി മുഖ്യമന്ത്രിയെ അറിയിച്ചു. കൂടുതല്‍ എയര്‍ ഇന്ത്യാ സര്‍വീസും ബജറ്റ് ഫ്‌ളൈറ്റുകളുടെ സര്‍വീസും ലഭിക്കുന്നതിനും ഇടപെടലുണ്ടാവും. രാജ്യത്തുതന്നെ ഏറ്റവും കൂടുതല്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടുകളുള്ളത് കേരളത്തിലാണ്. എന്നാല്‍, കുത്തനെ ഉയരുന്ന യാത്രാനിരക്കാണ് വിമാനയാത്രയുമായി ബന്ധപ്പെട്ട് പ്രവാസികള്‍ കൂടുതലുള്ള കേരളം നേരിടുന്ന പ്രധാന പ്രശ്‌നം.

ഓണം, ക്രിസ്മസ്, ഈദ് എന്നീ ഉല്‍സവ സീസണുകളില്‍ ആഭ്യന്തര അന്താരാഷ്ട്ര സര്‍വീസുകളുടെ നിരക്ക് കുത്തനെ ഉയര്‍ന്നിരുന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇത് പരിശോധിക്കുമെന്ന് കേന്ദ്ര ഏവിയേഷന്‍ സെക്രട്ടറി വ്യക്തമാക്കി. തിരുവനന്തപുരം, കോഴിക്കോട് എയര്‍പോര്‍ട്ടുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പ്രത്യേകം ചര്‍ച്ച ചെയ്തു. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ എണ്ണത്തിന് ആനുപാതികമായ സര്‍വീസ് ലഭിക്കുന്നില്ല. കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കുന്നതോടൊപ്പം ഇവിടെ നിന്നും വിദേശ ഫ്‌ളൈറ്റുകളുടെ സര്‍വീസിനും അനുമതി ആവശ്യമാണ്.

കൊളംബോ, കൊലാലംപൂര്‍, സിംഗപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് കണ്ണൂര്‍ എയര്‍പോര്‍ട്ടിലേയ്ക്ക് സര്‍വീസ് നടത്തുന്നതിന് എയര്‍ലൈനുകള്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ചും തീരുമാനമുണ്ടാവണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നിര്‍ത്തലാക്കിയ കോഴിക്കോട് ഹൈദരാബാദ് ഫ്‌ളൈറ്റ് സര്‍വീസുകള്‍ അടിയന്തരമായി പുനസ്ഥാപിക്കണം. തിരുവനന്തപുരത്തുനിന്ന് ജപ്പാനിലേയ്ക്ക് നേരിട്ട് ഫ്‌ളൈറ്റ് സര്‍വീസ് ആവശ്യമാണെന്നും തിരുവനന്തപുരത്തുള്ള ജപ്പാന്‍ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇത് ഗുണകരമാവുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാര്‍, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, കിയാല്‍ സ്‌പെഷ്യല്‍ ഓഫിസര്‍ എ കെ വിജയകുമാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. 

Tags:    

Similar News