രാമക്ഷേത്ര ഫണ്ട് ശേഖരണം: ലക്ഷ്യം സാമൂഹിക ധ്രുവീകരണം- എസ് ഡിപിഐ

ഫണ്ട് ശേഖരണത്തിനായി നടത്തിയ ബൈക്ക് റാലികളില്‍ പങ്കെടുത്ത കാവി ബ്രിഗേഡിന്റെ ഗുണ്ടകള്‍ മധ്യപ്രദേശില്‍ അടുത്തിടെ നടത്തിയ അക്രമങ്ങളും പ്രകോപനപരമായ മുദ്രാവാക്യങ്ങളും ഫണ്ട് കളക്ഷന്‍ യജ്ഞത്തിന്റെ ഗൂഢലക്ഷ്യങ്ങളുടെ തെളിവാണ്.

Update: 2021-01-19 10:29 GMT

ന്യൂഡല്‍ഹി: ക്ഷേത്രനിര്‍മാണത്തിനായി രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ആരംഭിച്ച രാജ്യവ്യാപക ഫണ്ട് ശേഖരണയജ്ഞം സാമൂഹിക ധ്രുവീകരണം ലക്ഷ്യംവച്ചാണെന്ന് എസ് ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് മുഹമ്മദ് തുംബെ. ബിജെപിയുടെ വിലകുറഞ്ഞ രാഷ്ട്രീയനേട്ടങ്ങള്‍ക്കായി മുസ്‌ലിംകളെ ഭയപ്പെടുത്താനും ഭീഷണിപ്പെടുത്താനും സാമുദായിക ധ്രുവീകരണം എളുപ്പമാക്കാനുമുള്ള സംഘപരിവാര്‍ ഫാഷിസ്റ്റുകളുടെ കൈകളിലെ മറ്റൊരു ഉപകരണമായി ഫണ്ട് ശേഖരണം മാറിയിരിക്കുന്നു. ക്ഷേത്രനിര്‍മാണത്തിനായി കോടിക്കണക്കിന് രൂപയും സ്വര്‍ണവും നേരത്തെ തന്നെ ശേഖരിച്ചിരുന്നു. രാജ്യത്തെ സാമുദായിക ഐക്യത്തിന് തുരങ്കം വയ്ക്കാനുള്ള മോശം പ്രചാരണം മാത്രമാണ് ഇപ്പോഴത്തെ യജ്ഞം.

ഫണ്ട് ശേഖരണത്തിനായി നടത്തിയ ബൈക്ക് റാലികളില്‍ പങ്കെടുത്ത കാവി ബ്രിഗേഡിന്റെ ഗുണ്ടകള്‍ മധ്യപ്രദേശില്‍ അടുത്തിടെ നടത്തിയ അക്രമങ്ങളും പ്രകോപനപരമായ മുദ്രാവാക്യങ്ങളും ഫണ്ട് കളക്ഷന്‍ യജ്ഞത്തിന്റെ ഗൂഢലക്ഷ്യങ്ങളുടെ തെളിവാണ്. മുസ്‌ലിംകളുടെ സ്വത്തുക്കളും വീടുകളും വ്യാപകമായി നശിപ്പിക്കപ്പെടുകയും പണവും ആഭരണങ്ങളും പകല്‍ വെളിച്ചത്തില്‍ കൊള്ളയടിക്കപ്പെടുകയുമായിരുന്നു. വഖഫ് ബോര്‍ഡിന്റെ ഭൂമിയിലാണ് ക്ഷേത്രം നിര്‍മിക്കുന്നത്. ക്ഷേത്രനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ട്രസ്റ്റിന് ഭൂമി അന്യായമായി സുപ്രിംകോടതി കൈമാറിയതാണ്. മസ്ജിദിന്റെ ഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കുന്നത് അന്യായമാണ്.

സമൂഹത്തെ ധ്രുവീകരിക്കാനും മുസ്ലിംകളെ ഭയപ്പെടുത്താനും ഫണ്ട് ശേഖരണ യജ്ഞം ഉപയോഗിക്കുന്നതിനെ എസ് ഡിപിഐ ശക്തമായി അപലപിച്ചു. ക്ഷേത്രനിര്‍മാണത്തിന്റെ പേരില്‍ അക്രമവും പണം തട്ടിയെടുക്കലും ഉപേക്ഷിക്കാനും രാജ്യത്ത് സമാധാനവും ഐക്യവും നിലനിര്‍ത്താനും ടെമ്പിള്‍ ട്രസ്റ്റിനോട് ഇല്യാസ് തുംബെ ആവശ്യപ്പെട്ടു. മതേതര പാര്‍ട്ടിയെന്ന് സ്വയം അവകാശപ്പെടുന്ന കോണ്‍ഗ്രസ് പാര്‍ട്ടി രാമക്ഷേത്രത്തിനായി പണം സ്വരൂപിക്കുകയും ആര്‍എസ്എസ് അജണ്ടയ്ക്കനുസരിച്ച് നിലപാടെടുക്കുകയും ചെയ്യുന്നത് വെറുപ്പുളവാക്കുന്നതാണ്. നമ്മുടെ രാഷ്ട്രപതി രാമക്ഷേത്ര നിര്‍മാണത്തിനായി സംഭാവന നല്‍കുന്നത് മതേതരത്വത്തെയും ജനാധിപത്യത്തെയും പരിഹസിക്കുന്നതാണെന്നും ഇല്യാസ് തുംബെ വ്യക്തമാക്കി.

Tags:    

Similar News