ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ രാഹുലും ഖര്‍ഗെയും പങ്കെടുത്തില്ല
ന്യൂഡല്‍ഹി: ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ നിന്നും വിട്ടുനിന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും. കഴിഞ്ഞ വര്‍ഷത്തെ ഇരിപ്പിട ക്രമീകരണത്തിലെ നീരസമാണ് രാഹുല്‍ ഗാന്ധി പരിപാടിയില്‍നിന്ന് വിട്ടുനിന്നതിനു പിന്നിലെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വോട്ടര്‍ പട്ടിക ക്രമക്കേടില്‍ സര്‍ക്കാരിനെതിരെ പോരാട്ടം കടുപ്പിച്ചിരിക്കെയാണ് നേതാക്കള്‍ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാതെ വിട്ടുനിന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതികരണം കോണ്‍ഗ്രസ് നേതാക്കള്‍ ആരും നടത്തിയിട്ടില്ല.
പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രതിപക്ഷ നേതാവ് മുന്‍നിരയിലാണ് ഇരിക്കേണ്ടത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം രാഹുല്‍ ഗാന്ധിക്ക് മുന്‍ നിരയില്‍ ഇരിപ്പിടം അനുവദിച്ചിരുന്നില്ല. പിന്നില്‍ നിന്നും രണ്ടാമത്തെ നിരയിലായിരുന്നു രാഹുലിന്റെ ഇരിപ്പിടം. ഒളിംപിക്‌സ് താരങ്ങള്‍ക്കായി നടത്തിയ ഇരിപ്പിട ക്രമീകരണത്തെ തുടര്‍ന്നാണ് അത് സംഭവിച്ചത് എന്നായിരുന്നു പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം. എന്നാല്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, നിര്‍മല സീതാരാമന്‍, ശിവരാജ് സിങ് ചൗഹാന്‍, എസ്. ജയ്ശങ്കര്‍ തുടങ്ങിയവര്‍ മുന്‍ നിരയിലാണ് ഇരുന്നത്. രാഹുല്‍ ഗാന്ധി ചടങ്ങില്‍ പങ്കെടുക്കാതെ വിട്ടുനിന്നതിനെതിരെ ബിജെപി രംഗത്തെത്തി.
എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ദേശീയ പതാക ഉയര്‍ത്തി. സ്വാതന്ത്ര്യ സമരത്തിന്റെ വിലയേറിയ പൈതൃകത്തിന്റെ അഭിമാനവും ആദരവും സംരക്ഷിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും കടമയാണെന്ന് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. നമ്മുടെ ജനാധിപത്യം വിലമതിക്കുന്ന സ്വാതന്ത്ര്യം, നീതി, സമത്വം, സാഹോദര്യം എന്നിവയുടെ മൂല്യങ്ങള്‍ക്കായി സ്വയം സമര്‍പ്പിക്കാനുള്ള ഒരു മഹത്തായ അവസരമാണ് സ്വാതന്ത്ര്യദിനമെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ എക്‌സില്‍ കുറിച്ചു.
