റഫേല്‍: കേസ് മാറ്റിവയ്ക്കണമെന്നു കേന്ദ്രം

Update: 2019-04-29 08:55 GMT

ന്യൂഡല്‍ഹി: റഫേല്‍ ഇടപാടിലെ പുനപ്പരിശോധനാ ഹര്‍ജി സുപ്രിംകോടതി നാളെ പരിഗണിക്കാനിരിക്കെ കേസ് മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍. റഫേല്‍ ഇടപാട് സംബന്ധിച്ച പുനപ്പരിശോധനാ ഹരജികളില്‍ മറുപടി സമര്‍പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ആവശ്യം ചൂണ്ടിക്കാട്ടിയാണ് കേസ് മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മറുപടി സത്യവാങ്മൂലം നല്‍കാന്‍ സാവകാശം തേടിയുള്ള കേന്ദ്രത്തിന്റെ ആവശ്യത്തില്‍ കോടതി ഉത്തരവ് ഇറക്കിയില്ല. ഇക്കാര്യം വിശദമാക്കി കത്ത് നല്‍കാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.

റഫേല്‍ ഇടപാടില്‍ അന്വേഷണത്തിന് വിസമ്മതിച്ച ഉത്തരവ് പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയും രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹരജിയും ഒരുമിച്ചു നാളെ പരിഗണിക്കാനാണ് സുപ്രിംകോടതി തീരുമാനം. അതിനിടെയാണ് പുനപ്പരിശോധനാ ഹരജിയില്‍ വാദം മാറ്റിവയ്ക്കുന്നതിനായുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം. അതേസമയം കാവല്‍ക്കാരന്‍ കള്ളനാണെന്നു സുപ്രിംകോടതി കണ്ടെത്തിയെന്ന പരാമര്‍ശത്തില്‍ ഖേദം ആവര്‍ത്തിച്ചു രാഹുല്‍ ഗാന്ധി കോടതിയില്‍ മറുപടി നല്‍കി. കോടതിയുമായി ബന്ധപ്പെടുത്തിയുള്ള രാഷ്ട്രീയ പരാമര്‍ശത്തിന് മാത്രമാണ് ഖേദപ്രകടനം നടത്തിയിരിക്കുന്നത്.

റഫേല്‍ ഇടപാടില്‍ സര്‍ക്കാറിന് ശുദ്ധിപത്രം നല്‍കിയത് സുപ്രിംകോടതി പുനപ്പരിശോധിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസുമാരായ എസ്‌കെ കൗള്‍, കെഎം ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് നേരത്തെ തീരുമാനിച്ചിരുന്നു. പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് ചോര്‍ന്ന രഹസ്യ രേഖകള്‍ തെളിവായി സ്വീകരിക്കരുതെന്ന സര്‍ക്കാര്‍ വാദം കോടതി തള്ളി കൊണ്ടായിരുന്നു ഈ നടപടി.

പ്രതിപക്ഷം അഴിമതി ആരോപിക്കുന്നുണ്ടെങ്കിലും റഫേല്‍ വിവാദത്തില്‍ സുപ്രിംകോതിയില്‍ നിന്ന് നല്ല സര്‍ട്ടിഫിക്കറ്റാണ് കഴിഞ്ഞ ഡിസംബറില്‍ സര്‍ക്കാറിന് കിട്ടിയത്. ഇതിനു പിന്നാലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടുന്ന രഹസ്യ രേഖകളുടെ പകര്‍പ്പ് 'ദ ഹിന്ദു' ദിനപത്രം പ്രസിദ്ധീകരിച്ചിരുന്നു. പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ചതാണ് ഈ രേഖകളെന്നും തെളിവായി സ്വീകരിക്കരുതെന്നുമായിരുന്നു സര്‍ക്കാര്‍ വാദം.

തിരഞ്ഞെടുപ്പിനിടെ റഫാലില്‍ വാദം നടക്കുന്നത് ക്ഷീണമാകുമെന്ന വിലയിരുത്തലില്‍ സര്‍ക്കാര്‍ നടപടികള്‍ വൈകിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ഹര്‍ജിക്കാരുടെ വിലയിരുത്തല്‍. രാഹുലിന്റെ വിശദീകരണം പരിഗണിച്ച് കോടതിയലക്ഷ്യ ഹര്‍ജിയിലെ നടപടികള്‍ അവസാനിപ്പിക്കണോ എന്നു സുപ്രിംകോടതി നാളെ നിശ്ചയിക്കും

Tags:    

Similar News