റഫേല്‍ വിമാന ഇടപാട്: അന്വേഷണം വേണ്ടെന്ന് സുപ്രിംകോടതി

റഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയ്ക്ക് ആവശ്യമാണ്. ഇത്തരം കേസുകളില്‍ ഇടപെടുമ്പോള്‍ കൂടുതല്‍ കരുതല്‍ വേണം. സര്‍ക്കാരിന്റെ നയപരമായ നിലപാടായതിനാല്‍ സുപ്രിംകോടതിക്ക് ഇടപെടുന്നതില്‍ പരിമിതികളുണ്ട്.

Update: 2018-12-14 06:09 GMT


ന്യൂഡല്‍ഹി: റഫേല്‍ യുദ്ധവിമാന ഇടപാട് സംബന്ധിച്ച് അന്വേഷണം വേണമെന്ന ഹരജികള്‍ സുപ്രിംകോടതി തള്ളി. ദേശ സുരക്ഷ പരിഗണിക്കേണ്ടതാണെന്നും വിലയെ കുറിച്ച് അന്വേഷിക്കേണ്ടതില്ലെന്നും അന്വേഷണം ആവശ്യപ്പെട്ടുള്ള എല്ലാ ഹര്‍ജികളും തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് രഞ്ജയ് ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധിച്ചു. റഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയ്ക്ക് ആവശ്യമാണ്. ഇത്തരം കേസുകളില്‍ ഇടപെടുമ്പോള്‍ കൂടുതല്‍ കരുതല്‍ വേണം. സര്‍ക്കാരിന്റെ നയപരമായ നിലപാടായതിനാല്‍ സുപ്രിംകോടതിക്ക് ഇടപെടുന്നതില്‍ പരിമിതികളുണ്ട്.

ഇടപാടില്‍ ചട്ടലംഘനം കാട്ടുന്നുവെന്ന ഹരജിക്കാരുടെ ആരോപണങ്ങള്‍ തെളിവില്ലാത്തതാണെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട കേന്ദ്രസര്‍ക്കാരിനു ആശ്വാസം നല്‍കുന്നതാണ് സുപ്രിംകോടതി വിധി. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ തുടങ്ങിയവരാണ് ഹരജികള്‍ നല്‍കിയത്. റിലയന്‍സിനു കൂടുതല്‍ ആനുകൂല്യം നല്‍കിയെന്നതാണ് പ്രധാനമായും പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടിയത്.

പങ്കാളിയെ തിരഞ്ഞെടുക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് യാതൊരു ഇടപെടലും നടത്താനാവില്ലെന്ന കേന്ദ്രവാദം സുപ്രിംകോടതി അംഗീകരിച്ചു. ഒരുദിവസം പൂര്‍ണമായും വാദം കേട്ട ശേഷമാണ് സുപ്രിംകോടതി ഇന്ന് വിധി പറഞ്ഞത്. 36 വിമാനങ്ങളാണ് വാങ്ങാന്‍ എന്‍ഡിഎ സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ 126 വിമാനം വാങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കിലും നടപ്പായിരുന്നില്ല. അതേസമയം, സുപ്രിംകോടതി വിധിയോടെ ആരോപണങ്ങളെല്ലാം പൊളിഞ്ഞെന്നും ഇടപാടെല്ലാം സുതാര്യമായതിനാല്‍ കേന്ദ്രസര്‍ക്കാരിനു യാതൊരു ആശങ്കയും ഉണ്ടായിരുന്നില്ലെന്നും കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് മാധ്യമങ്ങളോട് പറഞ്ഞു. 

Tags:    

Similar News